ന്യൂഡല്‍ഹി> കേരളത്തിലെ വിമാനയാത്രക്കൂലി കുതിച്ചുയരുന്നതില്‍ ഇടപെടാനാവില്ലെന്ന് സൂചിപ്പിച്ച് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജോണ്‍ ബ്രിട്ടാസ് എം പി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.കോവിഡ് അനന്തര കാലത്ത് കേരളത്തിനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള വിമാനയാത്ര കൂലി 300 ശതമാനം മുതല്‍ 600 ശതമാനം വരെ കൂട്ടിയതാണ് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയത്. ഇതു കുറയ്ക്കാന്‍ ഇടപെടണമെന്ന് എം പി അഭ്യര്‍ഥിച്ചിരുന്നു. വിമാനക്കമ്പനികള്‍ മുഴുവന്‍ വിമാനങ്ങളും സര്‍വീസിന് ഇറക്കാന്‍ നടപടിയെടുക്കണമെന്നും എം പി ആവശ്യപ്പെട്ടിരുന്നു.
വിമാനയാത്രക്കൂലി കമ്പോളനിയന്ത്രിതമാണെന്ന് മന്ത്രി സിന്ധ്യ മറുപടിയില്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ നിയന്ത്രിക്കുന്നതല്ല.കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ യാത്രാക്കൂലി ന്യായമാക്കാനും ആവശ്യത്തിനുമാത്രമാണ് യാത്രകള്‍ എന്ന് ഉറപ്പു വരുത്താനും വേണ്ടിയായിരുന്നു – അത് തുടരാനാവില്ലെന്നു സൂചിപ്പിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.
കോവിഡ് അനന്തരകാലത്ത് കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയ്ക്ക് യാത്രക്കൂലി കൂടിയതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അവധി, ആഗോളസാഹചര്യം, കോവിഡ് അനന്തരകാലത്തെ സൗകര്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവ അതിനു പിന്നിലുണ്ട് – മന്ത്രി വിശദീകരിച്ചു.
അതേസമയം, യാത്രക്കൂലി കുറയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യുന്നത് തുടരുമെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.