കൊച്ചി> നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായി ഈ മാസം 22 വരെ ഹൈക്കോടതി സമയം അനുവദിച്ചു. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. മെമ്മറി കാർഡിന്റെ നേർ പകർപ്പും (ക്ലോൺഡ് കോപ്പി) മിറർ ഇമേജും അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് കോടതി സമയം അനുവദിച്ചത്. കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
തുടരന്വേഷണ റിപ്പോർട്ട് തയാറാണെന്ന് ഡിജിപി അറിയിച്ചു. മെമ്മറി കാർഡിന്റെ നേർ പകർപ്പും മിറർ ഇമേജും ഫോറൻസിക് ലാബിൽ നിന്ന് ലഭിച്ചതായും അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി നടക്കുന്ന തുടരന്വേഷണത്തെ, ദിലീപിന് അനുകൂലമായുള്ള മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ബാധിക്കുന്നില്ലെന്നും രണ്ടും രണ്ടാണെന്നും ഒന്നും ചെയ്യാനില്ലെന്നും കോടതി പരാമർശിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ എന്നും കോടതി ചൂണ്ടിക്കാട്ടി.
തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നും ശ്രീലേഖയുടെ വെളിപ്പെടുത്തൽ കൂടി അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന അതി ജീവിതയുടെ ആവശ്യം കോടതി കണക്കിലെടുത്തില്ല. ഇത് മുന്നാം തവണയാണ് ഹൈക്കോടതി സമയം നീട്ടി നൽകുന്നത്. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടന്ന റിപ്പോർട്ടിനെ തുടർന്നാണ് കുടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചത്. ആർ ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്റെ ഹർജി കോടതി തീർപ്പാക്കി.