കോടഞ്ചേരി> തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ കടലുണ്ടി മണ്ണൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) ൻ്റെ മൃതദേഹമാണ് ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിന് ഇടയിൽ നിന്ന് കണ്ടെത്തിയത്.
വിനോദ സഞ്ചാരത്തിനായി എത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഞായർ ഉച്ചയോടെയാണ് സംഭവം. ഡൽഹി സ്വദേശി സിറബ് ജ്യോത് സിംഗിനെ കെഎസ്ഇബി ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥി സംഘം വയനാട്ടിൽ നിന്ന് മടങ്ങുന്ന വഴിയാണ് തുഷാരഗിരിയിലെത്തിയത്. ചെക്ക് ഡാമിന് മുകളിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും അമലിനെ കണ്ടെത്താനായില്ല. മുക്കം ഫയർ സ്റ്റേഷനിലെ സ്ക്കൂബ ടീം തിങ്കളാഴ്ചയാണ് അമിലിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.