മലപ്പുറം > മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാർട്ടി പദവികളിൽനിന്ന് ലുഗ് പുറത്താക്കി. സംസ്ഥാന സെക്രട്ടറി,പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്.
ദേശീയ വിഷയങ്ങളിൽ മൗനംപാലിക്കുന്നു, ദൽഹിയിൽ ദേശീയ ഓഫീസ് തുടങ്ങണമെന്ന തീരുമാനം അട്ടിമറിച്ചു, ലീഗിനെ എൽഡിഎഫുമായി അടുപ്പിക്കാൻ ശ്രമിക്കുന്നു എന്നീ വിമർശങ്ങളാണ് പ്രധാനമായി ഉയർന്നത്. കുറ്റപ്പെടുത്തൽ കടുത്തപ്പോഴും സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ രക്ഷക്കെത്തിയില്ലെന്ന പരാതി കുഞ്ഞാലിക്കുട്ടിക്കുണ്ട്. അതോടെയാണ് അദ്ദേഹം രാജിഭീഷണി മുഴക്കിയതെന്നാണ് വിവരം. എന്നാൽ, രാജിഭീഷണി മുഴക്കിയെന്നത് അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നു.
കൊച്ചിയിൽ ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് നാടകീയരംഗങ്ങളുണ്ടായത്. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിലെ കെ എസ് ഹംസയാണ് രൂക്ഷവിമർശം നടത്തിയത്. സംസ്ഥാന സർക്കാറിനെതിരായ യുഡിഎഫ് സമരത്തെ കുഞ്ഞാലിക്കുട്ടി അവഗണിക്കുന്നുവെന്ന് ഹംസ പറഞ്ഞു. ലീഗിന് ഡൽഹിയിൽ അഖിലേന്ത്യാ ഓഫീസ് തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കായിരുന്നു അതിന്റെ ചുമതല.
എന്നാൽ, മൂന്ന് കെട്ടിടം കണ്ടെത്തിയിട്ടും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്ന് മറ്റൊരു നേതാവ് തുറന്നടിച്ചു. ചന്ദ്രികയുടെ കാര്യത്തിൽ നേതാക്കൾ താൽപ്പര്യം കാണിക്കാത്തതും ചിലർ വിമർശിച്ചു. നിലവിലെ നേതൃത്വത്തിന്റെ പിടിപ്പുകേടുകാരണം ഹരിത – -എംഎസ്എഫ് സംഘടനകളിലെ പ്രശ്നം വഷളായതായി എം കെ മുനീർ പറഞ്ഞു. പാണക്കാട് തങ്ങൾമാരുടെ സാന്നിധ്യത്തിൽ ഇത്ര കടുത്ത ആരോപണങ്ങൾ ലീഗിൽ പതിവില്ലാത്തതാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ അധ്യക്ഷരായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കൊച്ചിയിലെ യോഗത്തിൽ സാദിഖലി തങ്ങൾ മൗനംപാലിച്ചത് കുഞ്ഞാലിക്കുട്ടി ക്യാമ്പിന് ക്ഷീണമായി.