തിരുവനന്തപുരം
ഫയലുകൾ തീർപ്പാക്കുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് റെക്കോഡ് വേഗം. പുതിയ സാമ്പത്തിക വർഷത്തിൽ ഇതുവരെ തീർപ്പാക്കിയത് 4, 07, 590 ഫയൽ. ഞായർ വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. ആകെയുള്ള 5,28,636 അപേക്ഷയിൽ 1, 21, 046 ഫയൽ മാത്രമേ തീരുമാനമാകാനുള്ളൂ. 78 ശതമാനം ഫയലുകളിലും നടപടിയായി. തദ്ദേശഭരണ സേവനങ്ങളിൽ സിറ്റിസൺ പോർട്ടൽ സംവിധാനമായ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) കൊണ്ടുവന്നതോടെയാണ് അതിവേഗം കൈവന്നത്.
https://ilgms.lsgkerala.gov.in ലൂടെ താഴെ തട്ടുമുതൽ വകുപ്പ് മേധാവിവരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഓരോ പഞ്ചായത്തിലും ലഭിച്ചിട്ടുള്ള അപേക്ഷകളുടെ നിജസ്ഥിതി അറിയാം. ഓൺലൈനിൽ ലഭിച്ച ഒരു അപേക്ഷ എപ്പോൾ പരിശോധിച്ചു, ആരെല്ലാം ആ ഫയൽ കണ്ടു, സ്വീകരിച്ച നടപടി എന്ത് തുടങ്ങി എല്ലാ വിവരവും തദ്ദേശമന്ത്രിക്കുവരെ തത്സമയം പരിശോധിക്കാം. അനുബന്ധമായ സിറ്റിസൺ പോർട്ടലിലൂടെ (https://citizen.lsgkerala.gov.in) അപേക്ഷിക്കാനും അപേക്ഷയുടെ തൽസ്ഥിതി ഏത് സമയത്തും അറിയാനുമുള്ള സജ്ജീകരണവുമുണ്ട്. ഫീസും ഓൺലൈനിൽ അടയ്ക്കാം.
ഗ്രാമപഞ്ചായത്തുകളിൽ 88 ശതമാനം
ഗ്രാമപഞ്ചായത്തിൽമാത്രം ലഭിച്ച 4,04,455 അപേക്ഷയിൽ 3,51,957 എണ്ണം തീർപ്പാക്കി (88 ശതമാനം). 52,498 എണ്ണം തീർപ്പാക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്. മുനിസിപ്പാലിറ്റിയിൽ 40 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. 92,521 അപേക്ഷയിൽ 36,642 എണ്ണം തീർപ്പാക്കി. 55,879 എണ്ണം ബാക്കിയുണ്ട്. കോർപറേഷനിൽ 31,660 അപേക്ഷയിൽ 18,991 എണ്ണം പരിഹരിച്ചു (60 ശതമാനം). 12,669 ഫയലിൽ തീരുമാനമാകാനുണ്ട്.
മുന്നിൽ വയനാട്, പിന്നിൽ പാലക്കാട്
ഫയൽ തീർപ്പാക്കലിൽ വയനാടാണ് മുന്നിൽ–- 88 ശതമാനം. പാലക്കാടാണ് പിന്നിൽ–-68 ശതമാനം. മലപ്പുറം–- 83ശതമാനം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്–- 82 ശതമാനം, തിരുവനന്തപുരം, ഇടുക്കി–-81 ശതമാനം, കാസർകോട്–- 79 ശതമാനം, തൃശൂർ–- 76 ശതമാനം, കോട്ടയം, കണ്ണൂർ–- 73 ശതമാനം, കൊല്ലം, എറണാകുളം–- 72 ശതമാനം.
വാട്ടർ അതോറിറ്റി തീർപ്പാക്കിയത് 5768 ഫയൽ
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച തുറന്നുപ്രവർത്തിച്ച വാട്ടർ അതോറിറ്റിയിൽ തീർപ്പാക്കിയത് 5768 ഫയൽ. 1500ൽ അധികം ജീവനക്കാർ ജോലിക്കെത്തി. കേന്ദ്ര കാര്യാലയത്തിലാണ് ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കിയത്,- 2276. ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കിയത് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലാണ്, 1780 ഫയൽ. യജ്ഞത്തിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) അഭിനന്ദിച്ചു.