ന്യൂഡൽഹി
ഇടുക്കി എൻജിനിയറിങ് കോളേജിൽ കോൺഗ്രസ് ഗുണ്ടകൾ അരുംകൊല ചെയ്ത ധീരജിന്റെ രക്തസാക്ഷിത്വത്തെ വീണ്ടും അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് സുധാകരന്റെ വിവാദപരാമർശം. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്നാണ് അധിക്ഷേപം. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിരപരാധിയെന്ന് സ്ഥാപിക്കാനായിരുന്നു ഈ ക്രൂരത. ധീരജിന്റെ കൊലപാതകം നടന്ന ഉടനും പിന്നാലെയും കലാപം ലക്ഷ്യമിട്ട് സുധാകരൻ സമാന പരാമർശം നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ കൊലപ്പെടുത്താൻ ശ്രമിക്കവെയാണ് ധീരജിന് കുത്തേറ്റതെന്ന പച്ചനുണയും സുധാകരൻ നേരത്തേ പറഞ്ഞിരുന്നു. പൈനാവ് എൻജിനിയറിങ് കോളേജിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ്
കോൺഗ്രസ് ഗുണ്ടകൾ പുറത്തുനിന്നെത്തി അക്രമം അഴിച്ചുവിട്ടത്. ആയുധ പരിശീലനം നേടിയാണ് നിഖിൽ പൈലിയും സംഘവും കോളേജിൽ എത്തിയത്. നാലാം പ്രതി നിധിൻ ലൂക്കോസ് പിന്നീട് വാഹനമോഷണ കേസിലും പ്രതിയായി. മകനെ കൊലപ്പെടുത്തിയശേഷവും വീണ്ടും അധിക്ഷേപിക്കുന്ന സുധാകരനെതിരെ ധീരജിന്റെ അച്ഛനും രംഗത്ത് വന്നിരുന്നു.