തിരുവനന്തപുരം
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന “ഇനി ഞാനൊഴുകട്ടെ’ പദ്ധതിവഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാലുകൾ. 412 കിലോമീറ്റർ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കാനായി നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകൾ വീണ്ടെടുക്കാനായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം നീർച്ചാലുകൾ മാലിന്യമുക്തമാക്കിയിട്ടുള്ളത്–- 10,885 കിലോമീറ്റർ. എറണാകുളം ജില്ലയിൽ 7101 കിലോമീറ്ററും കോട്ടയം ജില്ലയിൽ 4148 കിലോമീറ്ററും വീണ്ടെടുത്തു.
പ്രാദേശികാടിസ്ഥാനത്തിൽ നീർച്ചാലുകൾ വീണ്ടെടുക്കാനുള്ള പ്രത്യേക ഉദ്യമമായാണ് ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ ആരംഭിച്ചത്. വരട്ടാർ നദി പുനരുജ്ജീവനം, കാനാമ്പുഴ, കിള്ളിയാർ, ചാലംകോട് തോട്, പൂനൂർ പുഴ തുടങ്ങി മലിനമായി കിടന്ന ജലസ്രോതസ്സുകൾ ശുദ്ധീകരിച്ച് നീരൊഴുക്ക് സാധ്യമാക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തു. മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ പുനഃസംയോജനം നടത്തിയതുവഴി അയ്യായിരത്തിഇരുനൂറിലധികം ഏക്കറിൽ കൃഷി പുനരാരംഭിക്കാനും സാധിച്ചു.
നീർച്ചാലുകൾ കടന്നുപോകുന്ന വാർഡുകളിൽ പ്രത്യേക സംഘാടക സമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വീണ്ടും മലിനീകരണം നടക്കാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.