തൃശൂർ> ആനയൂട്ടിൽ അണിനിരന്ന ഗജവീരന്മാരെ കാണാൻ കർക്കിടക പുലരിയിൽ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. കഴുത്തിൽ പൂമാലയും നെറ്റിയിൽ കുറിയുംതൊട്ട് അണിനിരന്ന ഗജവീരന്മാരെ കാണാൻ ആരാധകർ തടിച്ചുകൂടി. ഞായറാഴ്ച അതിരാവിലെ മഴപെയ്തെങ്കിലും ആനപ്രേമികളുടെ ഒഴുക്കിന് കുറവുണ്ടായില്ല. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷം മുടങ്ങിയ ആനയൂട്ടിന് ആനപ്രേമികളുടെ അഭൂതപൂർവമായ ഒഴുക്കായിരുന്നു തേക്കിൻകാട് മൈതാനത്തേക്ക്.
വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി നേതൃത്വത്തിൽ നടന്ന ആനയൂട്ടിൽ മധ്യ കേരളത്തിലെ ലക്ഷണമൊത്ത 51 ഗജവീരമാർ അണിനിരന്നു. രാവിലെ ഒമ്പതരയോടെ തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു ആനയൂട്ട്. ക്ഷേത്രം മേൽശാന്തി കൊറ്റംപിള്ളി നാരായണൻ നമ്പൂതിരി 85 വയസ്സുള്ള കൊമ്പൻ കൊച്ചിൻ ദേവസ്വം ചന്ദ്രശേഖരന് ആദ്യ ഉരുള നൽകി. മന്ത്രി കെ രാധാകൃഷ്ണൻ ആനയെ ആദരിച്ചു. മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, കലക്ടർ ഹരിത വി കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ. വി കെ വിജയൻ, പൊലീസ് കമീഷണർ ആർ ആദിത്യ, പി പങ്കജാക്ഷൻ, ടി ആർ ഹരിഹരൻ എന്നിവരും ഉരുള നൽകി.
രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. അന്നദാനവും ഉണ്ടായി. 500കിലോ അരിയുടെ ചോറ്, ശർക്കര, നെയ്യ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്താണ് ആനകൾക്ക് ഉരുള തയ്യാറാക്കിയത്. കൂടാതെ കരിമ്പ്, കൈതച്ചക്ക, ചോളം, കക്കിരിക്ക, തണ്ണിമത്തൻ, പഴം തുടങ്ങിയവയും നൽകി.