പാലാ> ജോലിയിൽനിന്ന് പിരിച്ചുവിട്ട അമ്മയുടെ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടെത്തിയ പെൺമക്കൾ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നാലാം നിലയുടെ ടെറസിൽ കയറിയ യുവതികളെ പൊലീസും ഫയർഫോഴ്സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. പാലാ അൽഫോൻസ കോളേജിൽ ശനി രാവിലെ പത്തരയോടെയാണ് സംഭവം.
സാമ്പത്തിക തിരിമറി ആരോപിച്ച് 11 വർഷം മുമ്പ് കോളേജിൽനിന്ന് പിരിച്ചുവിട്ട വനിതാ അറ്റൻഡറുടെ മക്കളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാലാ പൊലീസും ഫയർഫോഴ്സ് അധികൃതരും ചേർന്ന് ഇവരെ താഴെ എത്തിച്ചശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊലീസിൽ പരാതിപ്പെടുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെയാണ് അമ്മയെ പിരിച്ചുവിട്ടതെന്ന് യുവതികൾ ആരോപിച്ചു.
ഇതിനുശേഷം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളെല്ലാം മാനേജ്മെന്റ് നിഷേധിച്ചു. കോളേജ് അധികൃതരുമായി വിഷയം സംസാരിക്കാമെന്ന് ഉറപ്പുനൽകി പൊലീസ് യുവതികളെ വിട്ടയച്ചു. അതേസമയം, യുവതികളുടെ ആരോപണം കോളേജ് മാനേജ്മെന്റ് നിഷേധിച്ചു. ജീവനക്കാരി സ്വയം വിരമിക്കുകയായിരുന്നെന്നും ഇവരുടെ പിഎഫ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും കൈമാറിയെന്നും അധികൃതർ പറഞ്ഞു.