തിരുവനന്തപുരം> അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ അവകാശം സ്ഥാപിക്കാനുള്ള ബിജെപി ശ്രമം തിരിഞ്ഞ് കുത്തുന്നു. തിരുവനന്തപുരത്തിന്റെ വികസന മുന്നേറ്റത്തിന് വഴിത്തിരിവാകുന്ന വൻ പദ്ധതികളെല്ലാം അട്ടിമറിച്ചത് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളുമാണെന്ന തെളിവുകൾതന്നെ കാരണം. നേമം റെയിൽവേ കോച്ചിങ് ടെർമിനൽ പദ്ധതിയാണ് കേരളത്തിൽനിന്ന് ഒരു കേന്ദ്ര സഹമന്ത്രിയുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ടത്.
10 വർഷത്തിനിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പദ്ധതിയാണിത്. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കേന്ദ്രം ഇത് വേണ്ടന്നുവച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കേന്ദ്ര സർക്കാർ കൈമാറിയപ്പോഴും ബിജെപിക്കാർ കൈയടിച്ചു. ജനങ്ങൾ സർക്കാരിന് നൽകിയ വസ്തുവകകളിൽ സ്ഥാപിച്ച വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോൾ നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നൽകരുതെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്.
ദേശീയ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള തിരുമലയിലുള്ള വിജയ്മോഹിനി മിൽ സ്വകാര്യ കുത്തകകൾക്ക് വിൽക്കാനുള്ള നീക്കം ജനങ്ങളും തൊഴിലാളികളും ചെറുത്തതോടെ ആ മഹത്തായ സ്ഥാപനം കേന്ദ്ര സർക്കാർ അടച്ചു പൂട്ടി. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായ ഹിന്ദുസ്ഥാൻ ലാറ്റക്സ് (എച്ച്എൽഎൽ) വിൽക്കാനുള്ള കേന്ദ്ര നീക്കം ജീവനക്കാർ ഒറ്റക്കെട്ടായി ചെറുക്കുന്നതുകൊണ്ടുമാത്രമാണ് വിൽപ്പന ഇതുവരെ നടത്താൻ കഴിയാത്തത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ പൂർത്തിയാകുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നേട്ടം തട്ടിയെടുക്കാൻ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി പ്രചാരണം നടത്തുന്നത്.