ന്യൂഡൽഹി > ദീർഘകാലം ഒരുമിച്ച് കഴിഞ്ഞിരുന്നവർ തമ്മിലുള്ള ബന്ധം തകരാറിലാകുമ്പോൾ ബലാത്സംഗം ആരോപിച്ച് കേസ്കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഒരു പുരുഷനുമായി സ്വമേധയാ ദീർഘകാലബന്ധം പുലർത്തിയ സ്ത്രീ, ആ ബന്ധം തകരാറിലാകുമ്പോൾ പുരുഷന് എതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഹേമന്ത്ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
രാജസ്ഥാൻ സ്വദേശിയായ അൻസാർമുഹമദിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. ബലാത്സംഗം ആരോപിച്ച് രംഗത്തെത്തിയ സ്ത്രീ അൻസാർ മുഹമദിനൊപ്പം നാല് വർഷം ഒരുമിച്ച് കഴിഞ്ഞിരുന്ന കാര്യം സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. 21 വയസുള്ള അവസരത്തിലാണ് സ്ത്രീ അൻസാറും ഒന്നിച്ച് കഴിയാൻ തീരുമാനിച്ചത്. ഇപ്പോൾ, ആ ബന്ധം തകരാറിലായി. അതുകൊണ്ട് മാത്രം, ബലാത്സംഗം ആരോപിച്ച് കേസ് കൊടുത്തുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ഈ സാഹചര്യത്തിൽ, പ്രതിക്ക് ബന്ധപ്പെട്ട കോടതികൾ ആവശ്യമായ ഉപാധികൾ സഹിതം ജാമ്യം അനുവദിക്കണമെന്നും ജസ്റ്റിസ് വിക്രംനാഥ് കൂടി അംഗമായ ബെഞ്ച് നിർദേശിച്ചു.അതേസമയം, ജാമ്യം അനുവദിക്കുന്ന വിഷയത്തിൽ മാത്രമാണ് കോടതി നിരീക്ഷണങ്ങളെന്നും തുടരന്വേഷണത്തെ അത് ബാധിക്കരുതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.