തിരുവനന്തപുരം > കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദർശനം ദുരൂഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാധാരണഗതിയിൽ കേരളത്തിൽ അധികംവന്നുകൊണ്ടിരുന്നു ആളല്ല എസ് ജയശങ്കർ. ഇപ്പോൾ കേരളത്തിൽ വരികയും സംസ്ഥാനത്തിന്റെ ചില വികസനപദ്ധതികൾ കാണുകയും ചെയ്തു. വികസനപദ്ധതികൾ കാണുന്നത് നല്ലതാണ്. എന്നാൽ അതിന്റെ പിന്നിൽ ഒരു ദുരുദ്ദേശമുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ നടപ്പാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിന് അനുവദിച്ച പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് അനക്കമില്ല. കേന്ദ്ര റെയിൽവേ വകുപ്പുതന്നെ കേരളത്തിൽ പ്രഖ്യാപിച്ചതാണ് റെയിൽവേ മെഡിക്കൽ കോളേജ്. അത് പറഞ്ഞത് തന്നെ ആർക്കും ഓർമ്മയില്ലാതായി. ഇങ്ങനെയുള്ള നിരവധി വാഗ്ദാനങ്ങൾ നടപ്പാക്കാൻ തയ്യാറായിട്ടില്ല. റെയിൽവേ പദ്ധതികളിൽ തലശ്ശേരി – മൈസൂർ റെയിൽവേ, നഞ്ചങ്കോട് – നിലമ്പൂർ റെയിൽവേ എന്നിവ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പാക്കിയില്ല.
സംസ്ഥാന സർക്കാർ കൂടി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ദേശീയപാത വികസനം. 45 മീറ്റർ വീതിയിൽ ദേശീയപാത വേണമെന്ന് വാദിച്ചത് എൽഡിഎഫാണ്. യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. എൽഡിഎഫ് സർക്കാരാണ് അതിനുള്ള നടപടികൾ തുടങ്ങിയത്. ഇതിനുള്ള ഭൂമി മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ വിലയിൽ ഏറ്റെടുക്കാൻ കേന്ദ്രം തയ്യാറായില്ല. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25 ശതമാനം സംസ്ഥാനം വഹിക്കാം എന്ന് കരാറുണ്ടാക്കിയപ്പോഴാണ് വികസനപദ്ധതികൾ ആരംഭിച്ചത്. തലപ്പാടി മുതൽ കളിയിക്കാവിള വരെയുള്ള റോഡ് വികസനം രണ്ട് വർഷംകൊണ്ട് പൂർത്തിയാകും. പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് എംപിമാർ അവരാണ് ഈ പദ്ധതി തുടങ്ങിയതെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബിജെപിയും അവകാശവാദമുന്നയിച്ച് വന്നിരിക്കുകയാണ്. ഫലത്തിൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം സദുദ്ദേശപരമല്ല.
ബിജെപി ശക്തമായ വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആർഎസ്എസ് ഇതിനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്. ഇസ്ലാമിക തീവ്രവാദികൾ ഇതിനെ തടയാനെന്ന നിലയിൽ ഇസ്ലാമിക മൗലികവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിനുപിന്നിൽ. രണ്ട് കൂട്ടരും ചേർന്ന് സംസ്ഥാനത്ത് വർഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഇസ്ലാമിക മതമൗലികവാദികളെ പ്രേത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടും എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇസ്ലാമിക സംഘടനകളെ യുഡിഎഫിന്റെ കുടക്കീഴിൽ നിർത്താനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടംമുതൽ ഉണ്ടായതാണിത്. പിന്നീട് കഴിഞ്ഞ തൃക്കാക്കര തെരഞ്ഞെടുപ്പിൽ അത് പ്രകടമായി. ഈ നീക്കത്തെ തുറന്നുകാണിക്കും. രണ്ട് സംഘടനകളുടെയും പ്രവർത്തനം ഉണ്ടാക്കുന്ന അപകടങ്ങൾ ജനങ്ങൾക്കിടയിൽ പാർട്ടി തുറന്നുകാണിക്കും.
രാഷ്ട്രംതന്നെ അപകടകരമായ നിലയിലേക്കാണ് പോകുന്നത്. പാർലമെന്റിൽ നിരവധി വാക്കുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ്. പാർലമെന്റിൽ അംഗങ്ങൾ എന്ത് സംസാരിക്കണമെന്ന് നിശ്ചയിക്കുന്ന സ്ഥിതി ഭാവിയിൽ ഇവിടെയുണ്ടാകും. അടിയന്തരാവസ്ഥക്കാലത്തുപോലും സംഭവിക്കാത്ത അവസ്ഥയാണിത്. പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നു. സർക്കാർ താൽപര്യം മാത്രം പ്രചരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നിൽ. ജനങ്ങൾ അതിന് പകരം വഴികൾ കണ്ടുപിടിക്കുമെന്നും കോടിയേരി പറഞ്ഞു.