തിരുവനന്തപുരം > ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയത് ആരുടെ കോടതിയുടെ വിധിയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സിപിഐ എമ്മിന് പാർട്ടി കോടതിയും ജഡ്ജിയുമുണ്ടെന്ന വി ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
സിപിഐ എമ്മിന് അങ്ങനെ കോടതിയൊന്നുമില്ല. ധീരജിന്റെ കൊലപാതകം ആരുടെ ജഡ്ജിയുടെ വിധിയാണ്. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങൾ പറഞ്ഞുപോകുന്നത് ശരിയല്ല. കൊടുങ്ങല്ലൂരിൽ കോൺഗ്രസ് ഡിസിസി പ്രസിഡന്റായിരുന്ന അബ്ദുൾ ഖാദർ സിപിഐ എമ്മിൽ ചേർന്നപ്പോൾ വെടിവച്ച് കൊല്ലുകയാണ് കോൺഗ്രസുകാർ ചെയ്തത്. ഏത് കോൺഗ്രസ് കോടതി ജഡ്ജിയുടെ വിധിയായിരുന്നു അത്. അങ്ങനെ ഓരോ കേസിലും ജഡ്ജി, വിധി എന്നൊക്കെ പറയുന്നത് നമ്മുടെ നാട്ടിൽ ഇതുവരെ കേൾക്കാത്ത ഒരു കാര്യമാണെന്നും കോടിയേരി പറഞ്ഞു.
വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വി ഡി സതീശനെ പോലെയൊരാൾ വെറുതേ പങ്കെടുക്കില്ല. കാര്യങ്ങൾ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് സതീശൻ. പറവൂരിൽ തോറ്റശേഷം തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിച്ചു വരണമെന്നു കരുതി ആർഎസ്എസ് വോട്ടു വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ടാണ് വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തത്. വസ്തുത പറയാതെ വി ഡി സതീശൻ ഒളിച്ചു കളിക്കുകയാണ്. സിപിഐ എം നേതാവായ വിഎസും പരിപാടിയിൽ പങ്കെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ആർഎസ്എസിനെതിരായി സംസാരിക്കാനാണ് വിഎസ് പോയത്. അതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. വി ഡി സതീശൻ ആ പരിപാടിയിൽ ആർഎസ്എസിനെ വിമർശിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.