കരുനാഗപ്പള്ളി> കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സ്ഥാപക നേതാക്കളിലൊരാളും മുതിർന്ന സിപിഐ എം നേതാവുമായ അഡ്വ. വി വി ശശീന്ദ്രൻ (74) അന്തരിച്ചു. എൻ എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധൻ പകൽ മൂന്നിന് പടനായർകുളങ്ങര തെക്ക് ലക്ഷ്മിവിഹാറിൽ. |
മത്സ്യത്തൊഴിലാളി മേഖലയിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലടക്കം കൊണ്ടുവന്നു. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗമായിരുന്നു. സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
സാമൂഹ്യ പരിഷ്കർത്താവ് ഡോ. വി വി വേലുക്കുട്ടിഅരയന്റെയും ജാനമ്മയുടെയും മകനായി ചെറിയഴീക്കൽ വിളാകത്ത് കുടുംബത്തിലായിരുന്നു ജനനം. കെഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി. കെഎസ്വൈഎഫിന്റെ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ എം താലൂക്ക് കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കരുനാഗപ്പള്ളി ഹൗസിങ് കോ- –-ഓപ്പറേറ്റീവ് സൊസൈറ്റി, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റ്, കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായിരുന്നു.
ഭാര്യ: സുലോചനയമ്മ (റിട്ട. സെയിൽടാക്സ് കമീഷണർ). മക്കൾ: കിരൺ, ഡോ. ലക്ഷ്മി. മരുമകൻ: സിബിൽ.
ധനമന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ തുടങ്ങിയവർ അനുശോചിച്ചു.