തിരുവനന്തപുരം
കർഷകർ ക്ഷീര സഹകരണ സംഘങ്ങളിൽ നൽകുന്ന പാലിന് ലിറ്ററിന് നാലു രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആഗസ്ത് ഒന്നുമുതൽ നടപ്പാക്കുന്ന പദ്ധതിക്ക് ഈ വർഷം 28.57 കോടി രൂപ മാറ്റിവച്ചതായും ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
മിൽമയുടെയും കേരള ഫീഡ്സിന്റെയും കാലിത്തീറ്റ വില വർധിപ്പിക്കില്ല. 2231 ഹെക്ടറിൽക്കൂടി തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കും.
പതിനയ്യായിരത്തോളം ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കും. 3.56 ലക്ഷം ടൺ പച്ചപ്പുല്ല് അധികമായി ഉൽപ്പാദിപ്പിക്കും. കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നുവെങ്കിൽ ഒരു പശുവിന് 20,000 രൂപവരെ നാലുശതമാനം പലിശയിൽ വായ്പ ലഭ്യമാക്കും. ഈ വർഷം 20 പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും. മുൻവർഷം 10 പഞ്ചായത്തിലാണ് നടപ്പാക്കിയത്. എംഎൽഎമാരുടെ സഹായം ലഭിച്ചാൽ ഒരു നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തിലെങ്കിലും പദ്ധതി നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ മാറ്റിപ്പാർപ്പിക്കാൻ അതിർത്തികളിൽ ക്വാറന്റൈൻ സെന്ററുകളും വിൽപ്പന കേന്ദ്രങ്ങളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.