വൈത്തിരി
വീട്ടിൽ കാട്ടുകൊമ്പന്റെ ആക്രമണം. പരിക്കേറ്റ ഗൃഹനാഥനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈത്തിരി തൈലക്കുന്നിൽ പടിഞ്ഞാറേ പുത്തൻവീട്ടിൽ കുഞ്ഞിരാമനെയാണ്(85) തിങ്കൾ രാത്രി കാട്ടാന ആക്രമിച്ചത്. തുടയിൽ കൊമ്പന്റെ കുത്തേറ്റു.
രാത്രി ഒന്നോടെ ബാത്ത്റൂമിൽ പോകാനായി വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം.
ഇവിടെയുണ്ടായിരുന്ന ആന അലറി കുഞ്ഞിരാമന് നേരെ തിരിഞ്ഞു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ കണ്ടത് സിറ്റൗട്ടിൽ നിൽക്കുന്ന കൊമ്പനെയാണ്. ഇവർ നിലവിളിച്ചതോടെ ആന പുറത്തേക്ക് പിൻവാങ്ങി. ആന പരിസരത്തുതന്നെ ഉണ്ടായിരുന്നതിനാൽ ഇവർക്ക് കുഞ്ഞിരാമനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആയില്ല. തുടർന്ന് വനപാലകരെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആനയുടെ കുത്തേറ്റുള്ള വീഴ്ചയിൽ കുഞ്ഞിരാമന്റെ വാരിയെല്ലിനും പൊട്ടലേറ്റു. തൈലക്കുന്നിൽനിന്ന് നാല് കിലോമീറ്റർ അകലെയാണ് വനമുള്ളത്. ഇവിടെനിന്നാണ് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത്.