കൊച്ചി
ആർഎസ്എസിന്റെ ഗോൾവാൾക്കർ ജന്മശതാബ്ദിയിൽ പങ്കെടുത്ത കാര്യം ഓർമയില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിശദീകരണം ആത്മവഞ്ചനയെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ വി ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സതീശൻ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽത്തന്നെയാണ്. ആർഎസ്എസിനെ വിമർശിക്കുന്നത് കണ്ടപ്പോഴാണ് പരിപാടിയുടെ ഫോട്ടോയും നോട്ടീസും ഇട്ടത്. ഇത് വ്യാജമെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ. സതീശന്റേത് ആദർശത്തിന്റെ പൊയ്മുഖമാണ്. 2001ലും 2006ലും ആർഎസ്എസ് നേതാവിനെ എറണാകുളത്ത് വീട്ടിലെത്തി രഹസ്യമായി കണ്ട് വോട്ട് അഭ്യർഥിച്ചു. ഇതിന് തെളിവുണ്ട്. ആ നേതാവിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. അതുകൊണ്ടാണ് പേര് പറയാത്തത്. ആവശ്യമാണെങ്കിൽ പറയും. പല കോൺഗ്രസ് നേതാക്കളും ആർഎസ്എസ് വേദികളിൽ വോട്ട് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ കോ–-ലീ–-ബി സഖ്യമുണ്ട്. അത് മറച്ചുവയ്ക്കേണ്ട. 2000 മുതൽ ആർഎസ്എസിന്റെ എറണാകുളം, തൃശൂർ ജില്ലയുടെ ചുമതല എനിക്കാണ്. പറവൂരിലെ പരിപാടിയെല്ലാം ഞാനറിഞ്ഞാണ് നടന്നത്. എന്റെ പശ്ചാത്തലം പരിശോധിക്കണമെന്നാണ് സതീശൻ പറയുന്നത്. സ്വപ്ന സുരേഷിന്റെ പശ്ചാത്തലം നോക്കിയാണോ സതീശൻ ആരോപണം ഏറ്റെടുത്തത്.
പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രഭൂമി മുസിരിസ് പദ്ധതിയിൽപ്പെടുത്തി അന്യാധീനപ്പെടുത്തിയതും പെരുവാരം ക്ഷേത്രവഴി കൈയേറാനുള്ള നീക്കം തടഞ്ഞതും കച്ചേരിമൈതാനം ടൈൽ വിരിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടിയതുമാണ് സതീശൻ ആർഎസ്എസിനെതിരെ തിരിയാൻ കാരണം. മുമ്പ് ആർഎസ്എസിന്റെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ സതീശന് ഒരു വിഷമവും ഉണ്ടായിരുന്നില്ല. ആർഎസ്എസിനെ എതിർത്തുനിന്ന കുടുംബമാണ് തന്റേതെന്ന പരാമർശം അപഹാസ്യമാണ്. സതീശൻ കുടുംബവഴക്ക് ആർഎസ്എസിന്റെ തലയിൽ കെട്ടിവച്ച് വീരപരിവേഷം നേടാനാണ് ശ്രമിക്കുന്നത്’–- ആർ വി ബാബു പറഞ്ഞു.
തൃക്കാക്കര കടന്നപ്പോൾ
വഴി മറന്നെന്ന് സംഘപരിവാർ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുവരെ തങ്ങളുമായി ധാരണയിൽപ്പോയ വി ഡി സതീശൻ തെരഞ്ഞെടുപ്പുകഴിഞ്ഞതോടെ ആദർശത്തിന്റെ പൊയ്മുഖമണിഞ്ഞതാണ് ആർഎസ്എസ്–-ബിജെപി നേതൃത്വത്തെ പരസ്യപ്രതികരണത്തിലെത്തിച്ചത്. തെരഞ്ഞെടുപ്പുസമയത്ത് കൊടുത്ത വാഗ്ദാനങ്ങൾ സതീശൻ നടപ്പാക്കാത്തതും പരിഹസിച്ചതുമാണ് ആർഎസ്എസ്–-ബിജെപി സംഘത്തെ കൂടുതൽ പ്രകോപിപ്പിച്ചത്.
സഹായം സ്വീകരിച്ചശേഷം പരിഹസിക്കുന്നതുകൊണ്ടാണ് ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്ത വാർത്തയും ചിത്രവും പുറത്തുവിടേണ്ടിവന്നതെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പറയുന്നത്. പല കോൺഗ്രസ് നേതാക്കളും ഇങ്ങനെ സഹായം തേടിയിട്ടുണ്ടെന്നും അതിൽ തെറ്റില്ലെന്നും ഐക്യവേദി നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോ–-ലീ–-ബി സഖ്യം യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി സഹായം അഭ്യർഥിച്ചതിനെ സതീശൻ ന്യായീകരിച്ചിരുന്നു. തൃക്കാക്കരയിൽ 2016ൽ 21,247 വോട്ടുവരെ നേടിയ ബിജെപിക്ക് ഇത്തവണ സംസ്ഥാന നേതാവ് എ എൻ രാധാകൃഷ്ണൻ മത്സരിച്ചിട്ടും 12,957 വോട്ടുമാത്രമാണ് കിട്ടിയത്. കെട്ടിവച്ച തുകവരെ നഷ്ടമാക്കിയാണ് ബിജെപി യുഡിഎഫിനെ സഹായിച്ചത്.