കൊളംബോ
ജനരോഷം ഭയന്ന് നാടുവിടാനുള്ള പ്രസിഡന്റ് ഗോതബായ രജപക്സെയുടെയും കുടുംബത്തിന്റെയും ശ്രമത്തിന് തിരിച്ചടി. ദുബായിലേക്ക് കടക്കാന്‍ കടുനായികെ വ്യോമകേന്ദ്രത്തിൽ എത്തിയ ഗോതബായയും ഭാര്യയും, വിമാനത്താവള ജീവനക്കാർ നിസ്സഹകരിച്ചതോടെ നാണംകെട്ട് മടങ്ങി. ജനരോഷം ഭയന്ന് സാധാരണ യാത്രക്കാരുടെ ഇമിഗ്രേഷൻ കൗണ്ടറിൽക്കൂടി പോകാൻ ഗോതബായയും സംഘവും വിസമ്മതിച്ചു. വിഐപി സ്യൂട്ടിലെത്തി ഇവരുടെ രേഖകൾ പരിശോധിക്കാൻ ഇമിഗ്രേഷൻ അധികൃതര്‍ വിസമ്മതിച്ചു. യുഎഇയിലേക്കുള്ള നാല് വിമാനം പോയിട്ടും ജീവനക്കാര്‍ സഹകരിച്ചില്ല. ഇതോടെ ഇരുവരും നാവിക കേന്ദ്രത്തിലേക്ക് മടങ്ങി. ഗോതബായ ഔദ്യോഗിക രാജിക്കത്ത് തിങ്കളാഴ്ച മുതിർന്ന ഉദ്യോഗസ്ഥന്റെ കൈവശം കൊടുത്തുവിട്ടതായാണ് വിവരം. 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.