ഓവൽ
പന്തിൽ മായാജാലം തീർത്ത് ജസ്പ്രീത് ബുമ്ര നിറഞ്ഞാടിയപ്പോൾ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ട് കടപുഴകി. ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ ഉശിരൻ ജയം. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനവുമായാണ് ബുമ്ര തിളങ്ങിയത്. 7.2 ഓവറിൽ 19 റൺമാത്രം വഴങ്ങി വലംകൈയൻ നേടിയത് ആറ് വിക്കറ്റ്. മുഹമ്മദ് ഷമി മൂന്നും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.
പേസർമാർ ഇന്ത്യക്കായി 10 വിക്കറ്റും വീഴ്ത്തുന്നത് ചരിത്രത്തിൽ ആറാംതവണയാണ്. 25.2 ഓവറിൽ 110 റണ്ണിന് ഇംഗ്ലീഷ് പട കൂടാരം കയറി. സ്കോർ: ഇംഗ്ലണ്ട് 110 (25.2), ഇന്ത്യ 0–114 (18.4). ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ചെറിയ സ്കോറാണിത്. 2006 ചാമ്പ്യൻസ് ട്രോഫിയിൽ നേടിയ 125 റണ്ണായിരുന്നു മുമ്പത്തെ കുറഞ്ഞ റൺ.
മറുപടിയിൽ ക്യാപ്റ്റൻ രോഹിത് ശർമയും (58 പന്തിൽ 76*) ശിഖർ ധവാനും (54 പന്തിൽ 31*) ഇന്ത്യക്ക് അനായാസം ജയം സമ്മാനിച്ചു.
അഞ്ച് സിക്സറും ഏഴ് ഫോറുമാണ് രോഹിത് തൊടുത്തത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ വിരാട് കോഹ്ലിക്കുപകരം ശ്രേയസ് അയ്യരുമായാണ് കളത്തിലെത്തിയത്. കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റർമാർക്ക് ഒരുനിമിഷംപോലും അവസരം നൽകാതെയാണ് ബുമ്ര–-ഷമി കൂട്ടുകെട്ട് ഇന്ത്യക്കായി പന്തെറിഞ്ഞത്.
ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ബുമ്ര തുടങ്ങി. ജാസൺ റോയിയെയും ജോ റൂട്ടിനെയും മൂന്ന് പന്തിനുള്ളിൽ റണ്ണൊന്നുമെടുക്കാതെ മടക്കി. രക്ഷാപ്രവർത്തനത്തിന് എത്തിയ ബെൻ സ്റ്റോക്സിനെ ഷമി ഗോൾഡൻഡെക്കാക്കി. വമ്പനടിക്കാരായ ജോണി ബെയർസ്റ്റോ (8), ലിയാം ലിവിങ്സ്റ്റൺ എന്നിവർക്കും ബുമ്രയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. 32 പന്തിൽ 30 റണ്ണുമായി പൊരുതാൻ ശ്രമിച്ച ക്യാപ്റ്റൻ ജോസ് ബട്ലറെ ഷമി പുറത്താക്കിയതോടെ ഇംഗ്ലണ്ട് തീർന്നു. ഒമ്പതാം വിക്കറ്റിൽ ഡേവിഡ് വില്ലിയും (21) ബ്രൈഡൻ കാർസും (15) ചേർത്ത 35 റണ്ണാണ് നൂറ് കടത്തിയത്. ഇന്ത്യക്കായി ആറ് വിക്കറ്റ് പ്രകടനം നടത്തുന്ന അഞ്ചാമത്തെ ബൗളറാണ് ബുമ്ര.