കട്ടപ്പന > കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറിയിൽ നിന്ന് ഡീസൽ ചോർന്നു. അഗ്നി ശമന സേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് ചോർന്ന് റോഡിലൂടെ ഡീസൽ ഒഴുകിയത്. ടോറസ് ലോറി കടന്നു വന്ന ഇടുക്കിക്കവല മുതൽ ചോർച്ച അനുഭവപ്പെട്ടിരുന്നു. തുടർന്ന് വാഹനം സെൻട്രൽ ജംഗ്ഷനിൽ എത്തിയപ്പോൾ ചോർച്ച വൻതോതിലായി.
ഇതിനിടയിൽ റോഡിലെ ഡീസലിൽതെന്നി ഒരു ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. തുടർന്ന് ടോറസ് ലോറി മാർക്കറ്റ് ജംഗ്ഷനിൽനിർത്തിയിട്ടു. പിന്നാലെ എത്തിയ ഫയർഫോഴ്സ് റോഡ് സോപ്പുപ്പൊടി ഉപയോഗിച്ച് കഴുകിയശേഷം അറക്കപൊടി ഇട്ട് അപകട സാധ്യത ഒഴിവാക്കി. ഇടുക്കിക്കവലയിലെ പമ്പിൽ നിന്നും ഇന്ധനം അടിച്ച ശേഷം ടാങ്ക് അടക്കാൻ മറന്നതാണ് ഡീസൽ ചോരാൻ കാരണമായി പറയുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.