പാലക്കാട്> ആദിവാസികളുടെ കുടിൽ പൊളിച്ച കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോളയൂർ വട്ടലക്കിയിൽ എച്ച്ആർഡിഎസ് പാട്ടത്തിനെന്നപേരിൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും കുടിലുകളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത ആദിവാസികളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
ഭൂമി തട്ടിയെടുത്തെന്നും കൈയേറ്റം ചെയ്തെന്നും കാട്ടി ഷോളയൂർ സ്വദേശി രാമൻ 2021 ജൂണിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. അന്ന് ആദിവാസികൾ എസ്സി, എസ്ടി കമീഷനും പരാതി നൽകിയിരുന്നു. കേസിൽ നടപടിയെടുക്കാൻ കമീഷൻ ആവശ്യപ്പെട്ടതോടെയാണ് അജി കൃഷ്ണനെ തിങ്കളാഴ്ച ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി കൈയേറി ഉപയോഗ ശൂന്യമായ വീട് നിർമിച്ചുനൽകിയെന്ന മറ്റൊരു പരാതി അന്വേഷിക്കാനും എസ്സി, എസ്ടി കമീഷൻ മുമ്പ് ഉത്തരവിട്ടിരുന്നു.