തിരുവനന്തപുരം> വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയർത്ത് മറുപടി പറഞ്ഞു കുടുങ്ങി വെഞ്ഞാറമൂട് സ്വദേശി. പരിശോധനയ്ക്കിടെ ബാഗിൽ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് “ബാഗിൽ ബോംബൊന്നുമില്ലെ’ന്ന് മറുപടി നൽകിയ പ്രദീപ് പ്രസന്നനെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. സംഭവത്തെ തുടർന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്. വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തിങ്കൾ വൈകിട്ട് 6.45ഓടെ അന്താരാഷ്ട്ര ടെർമിനലിലായിരുന്നു സംഭവം. 8.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലേക്ക് പോകാൻ എത്തിയതായിരുന്നു പ്രദീപ്. ചെക്ക് ഇൻ സമയത്ത് ബാഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പ്രദീപിനോട് ചോദിച്ചു. ക്ഷുഭിതനായ പ്രദീപ് ബോംബില്ലെന്ന് മറുപടി പറയുകയായിരുന്നു. ഉടൻ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബാഗുകൾ ബോംബ് സ്ക്വാഡ് വിശദമായി പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും ഭീഷണി മുഴക്കിയതിന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി.
അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമാന സംഭവം നടന്നിരുന്നു. ഓസ്ട്രേലിയക്ക് പോകാനെത്തിയ യാത്രക്കാരൻ ബാഗിലെന്താണെന്ന സുരക്ഷാജീവനക്കാരുടെ ചോദ്യത്തിന് “ബാഗിൽ ബോംബാണെന്ന്’ പറഞ്ഞാണ് കുടുങ്ങിയത്.