കൊച്ചി > അഡ്വ. എ ജയശങ്കർ മാതൃഭൂമി ഓൺലൈനിൽ നൽകിയ അഭിമുഖത്തിലെ വ്യാജ അവകാശവാദങ്ങൾ പൊളിച്ച് ഫെയ്സ്ബുക്ക് കുറിപ്പ്. നന്ദകുമാർ കൊളത്താപ്പിള്ളിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ജയശങ്കറിന്റെ കള്ളങ്ങൾ കൈയ്യോടെ പിടികൂടിയത്.
സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് കുല്‍ദീപ് നയ്യാറിന്റെ ദ ജഡ്ഢ്മെന്റും കോളിന്‍സ് & ലാപ്പിയറിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും എം ഒ മത്തായിയുടെ റെമ്നിസന്സ് ഓഫ് നെഹ്റു ഏജും മറ്റും വായിച്ചതെന്നാണ് അഭിമുഖത്തിൽ ജയശങ്കർ പറയുന്നത്. എന്നാൽ 1962 ൽ ജനിച്ച് 1977ല്‍ സ്കൂൾ പഠനം പൂർത്തിയാക്കിയ ജയശങ്കർ എങ്ങനെ 1978 ജൂണ്‍ 3ന് പുറത്തിറക്കിയ റെമ്നിസന്സ് ഓഫ് നെഹ്റു ഏജ് സ്കൂളിൽനിന്ന് വായിക്കും എന്നാണ് കുറിപ്പിൽ ചോദിക്കുന്നത്.
അതിലെ 29-ാം അദ്ധ്യായമായ ‘അവള്’ (SHE) തനിക്ക് അപമാനകരമായതിനാല്‍ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാഗാന്ധി കോടതിയെ സമീപിച്ചു. പിന്നീട് അച്ചടിച്ച കോപ്പികള്‍ പിന്‍വലിച്ച് ആ അദ്ധ്യായം ഒഴിവാക്കി പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. അതിന് പിന്നെയും ഒരു വര്‍ഷമെടുത്തു. ഈ പുസ്തകമാണ് 1977 നു മുമ്പ് പ്രസിദ്ധീകരണത്തിന് മുമ്പെ തന്നെ കേരളത്തിലെ നാട്ടിന്‍പുറത്തെ നെടുമ്പാശ്ശേരി സ്കൂള്‍ ലൈബ്രറിയിലെത്തിയതും ജയശങ്കരന്‍ വക്കീലു വായിച്ചു മനഃപാഠമാക്കിയതും…
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:
ഒരു ഡെവിള്‍സ് അഡ്വക്കറ്റിന്റെ പൊങ്ങച്ചത്തെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞുവരുന്നത്. Devil’s Advocate ലെ മില്‍ട്ടണ്‍ വക്കീലിനെ പോലെ ടിയാനുമുണ്ടായിരുന്നു ഒരു അപരനാമം- കെ രാജേശ്വരി. 1962 സെപ്തംബര്‍ 21-നാണ് താന്‍ ജനിച്ചതെന്നാണ് അദ്ദഹം തന്നെ പറയുന്നത്. മാതൃഭൂമി ഓണ്‍ ലൈനിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് താന്‍ നെടുമ്പാശ്ശേരി ഹൈസ്കൂളിലാണു പഠിച്ചിരുന്നതെന്നും പണ്ടേ നല്ലൊരു വായനക്കാരനായ താന്‍ ആ സ്കൂള്‍ ലൈബ്രറിയില്‍ നിന്നാണ് കുല്‍ദീപ് നയ്യാറിന്റെ ദ ജഡ്ഢ്മെന്റും കോളിന്‍സ് & ലാപ്പിയറിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും എം ഒ മത്തായിയുടെ റെമ്നിസന്സ് ഓഫ് നെഹ്റു ഏജും മറ്റും വായിച്ചതെന്നാണ്. 1962 ല്‍ ജനിച്ച, ഇത്രയും വലിയ ഗ്രന്ഥങ്ങള്‍ അന്നേ വായിക്കുന്ന അദ്ദേഹം 1977ല്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി കാണണമല്ലോ അല്ലേ?.
ഇനി ചരിത്രത്തിലേക്കു വരാം. എം ഒ മത്തായിയുടെ നിലവാരത്തില്‍ ഇംഗ്ലീഷില്‍ രചിക്കപ്പെട്ട റെമ്നിസന്സ് ഓഫ് നെഹ്റു ഏജ് വായിച്ചു മനസ്സിലാക്കാനുള്ള ശേഷിയൊക്കെ സ്കൂള്‍ ബാലനായ അദ്ദേഹത്തിനുണ്ടായിരുന്നു എന്നു സമ്മതിക്കുന്നു. പക്ഷെ, ഈ പുസ്തകം 1978 ജൂണ്‍ 3 നാണ് ഡല്‍ഹിയിലെ വികാസ് പബ്ലിഷിംഗ് ഹൗസ് ആദ്യം പുറത്തിറക്കുന്നത്. അതിലെ 29-ാം അദ്ധ്യായമായ ‘അവള്’ (SHE) തനിക്ക് അപമാനകരമായതിനാല്‍ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാഗാന്ധി കോടതിയെ സമീപിച്ചു. പിന്നീട് അച്ചടിച്ച കോപ്പികള്‍ പിന്‍വലിച്ച് ആ അദ്ധ്യായം ഒഴിവാക്കി പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. അതിന് പിന്നെയും ഒരു വര്‍ഷമെടുത്തു. ഈ പുസ്തകമാണ് 1977 നു മുമ്പ് പ്രസിദ്ധീകരണത്തിന് മുമ്പെ തന്നെ കേരളത്തിലെ നാട്ടിന്‍പുറത്തെ നെടുമ്പാശ്ശേരി സ്കൂള്‍ ലൈബ്രറിയിലെത്തിയതും ജയശങ്കരന്‍ വക്കീലു വായിച്ചു മനഃപാഠമാക്കിയതും.
അടുത്തത് കുല്‍ദീപ് നയ്യാറിന്റെ ‘ദി ജഡ്ജ്മെന്റ്ഃ ഇന്‍സൈഡ് സ്റ്റോറി ഓഫ് എമര്‍ജന്‍സി ഇന്‍ ഇന്ത്യ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥവും 1977 ലാണ് വികാസ് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്നത്. 1977 മാര്‍ച്ച് 21 നാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനായ കുല്‍ദീപ് നയ്യാറിന്റെ ഈ ഗ്രന്ഥം അടിയന്തരാവസ്ഥയുടെ കടുത്ത സെന്‍സര്‍ഷിപ്പിനെയും ഇന്ദിരാഗാന്ധിയുടെയും കേരളത്തില്‍ കെ കരുണാകരന്റെയും കണ്ണു വെട്ടിച്ച് കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ ലൈബ്രറിയില്‍ എത്തിയെന്നും ജയശങ്കരന്‍ വക്കീല്‍ വായിച്ചു എന്നും നാം വിശ്വസിക്കണം.
മറ്റൊന്ന്, കോളിന്‍സും ലാപ്പിയറും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് ആണ്. 1975 ലാണ് ഈ പുസ്തകം ആദ്യം പുറത്തിറക്കിയതെങ്കിലും ഉടനെ പിന്‍വലിക്കേണ്ടി വന്നു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെ വീര്‍ സവര്‍ക്കറിന്റെ സ്വവര്‍ഗ്ഗലൈംഗിക പങ്കാളിയാണെന്നും വീര്‍സവര്‍ക്കര്‍ സ്വവര്‍ഗ്ഗഭോഗി ആണെന്നും ഗ്രന്ഥത്തില്‍ വിശദീകരിച്ചിരുന്നു. ഈ വിധേയത്വം ഉപയോഗിച്ചാണ് വീര്‍ സവര്‍ക്കര്‍ ഗാന്ധിയെ വധിക്കാന്‍ ഗോഡ്സെയെ പ്രേരിപ്പിച്ചതെന്നും ആയിരുന്നു പരാമര്‍ശിച്ചിരുന്നത്. ഇതിനെതിരെ RSS രംഗത്തു വന്നു. ഗോഡ്സെയുടെ സഹോദരനായ ഗോപാല്‍ ഗോഡ്സെ 1976 മാര്‍ച്ച് 19 ന് ബോംബെയില്‍ വച്ച് പത്രസമ്മേളനം നടത്തി. ആ അദ്ധ്യായം പിന്‍വലിച്ചില്ലെങ്കില്‍ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പുസ്തകം പുറത്തിറക്കിയാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കി. തുടര്‍ന്ന് RSS മായുള്ള ഒത്തു തീര്‍പ്പിനെ തുടര്‍ന്ന് പുസ്തകം പിന്‍വലിക്കുകയും ആ അദ്ധ്യായം ഒഴിവാക്കി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും ജയശങ്കരന്‍ വക്കീല്‍ പഠനം പൂര്‍ത്തിയാക്കി വക്കീല്‍ പണി തുടങ്ങിയിരിക്കണം. ഇത്തരത്തിലുള്ള കള്ളങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഒരു ഘോഷയാത്രയാണ് ടിയാനുമായുള്ള മാതൃഭൂമിയുടെ അഭിമുഖം. ഒരു തുള്ളി പലതുള്ളി പെരുവെള്ളം, ഒരുനാളും നന്നല്ല പൊങ്ങച്ചം!!.