ഗുരുവായൂർ> സിനിമാ സംവിധായകനും തിരക്കഥകൃത്തുമായ കെ എൻ ശശീധരൻ (72) അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇടപ്പള്ളി ശ്മശാനത്തിൽ.
ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ആദ്യ ചിത്രമൊരുക്കി. ശശിധരൻ്റെ തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർമാണവും. നയന, കാണാതായ പെൺകുട്ടി എന്നീ സിനിമകളും സംവിധാനം ചെയ്തു.
സിനിമയോടൊപ്പം പരസ്യചിത്രങ്ങും അദ്ദേഹം സംവിധാനം ചെയ്തു. വനമാല സോപ്പിനായി ചെയ്ത ‘വന്നല്ലോ വനമാല’ പരസ്യം ഏറെ ശ്രദ്ദേയമാണ്. ഭാര്യ: വീണ. മക്കൾ: ഋതു, മുഖിൽ. മരുമകൾ: ഇന്ദുലേഖ.