ന്യൂഡൽഹി> കോടതിയലക്ഷ്യ കേസിൽ വിജയ് മല്യയ്ക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ. കോടതി ഉത്തരവുകൾ മറികടന്ന് മക്കളുടെ പേരിലേക്ക് നാലു കോടി ഡോളർ കൈമാറിയ കേസിലാണ് വിധി. ഈ തുക നാലാഴ്ചയ്ക്കകം പലിശയടക്കം ചേർത്ത് തിരിച്ചടയക്കണമെന്നും ഇല്ലെങ്കിൽ കണ്ടുകെട്ടൽ നടപടികളിലേക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു.
ബാങ്കു തട്ടിപ്പു കേസിൽ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവിൽ ബ്രിട്ടിനിലാണ്. മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.