ഇരിങ്ങാലക്കുട> യുവാവിന് വൃക്ക മാറ്റിവയ്ക്കാനുള്ള ചികിത്സാസഹായസമിതിയുടെ യോഗത്തിന് എത്തിയ മന്ത്രി ആർ ബിന്ദു ആദ്യസംഭാവനയായി കൈയിലെ സ്വർണവള ഊരിനൽകി. കരുവന്നൂർ മൂർക്കനാട് വന്നേരിപ്പറമ്പിൽ വിവേക് പ്രഭാകര(27)നെ സഹായിച്ചാണ് മന്ത്രി മാതൃകയായത്.
മൂർക്കനാട് ഗ്രാമീണ വായനശാലയിലാണ് ചികിത്സാസഹായസമിതി യേഗം ചേർന്നത്. പ്രദേശത്തെ ജനപ്രതിനിധി എന്നനിലയിലാണ് മന്ത്രിയെ ക്ഷണിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രി കൈയിലെ വള സമിതിയംഗങ്ങൾക്ക് നൽകിയത്. ഭാരവാഹികളായ പി കെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർ വള ഏറ്റുവാങ്ങി. വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരന്റെ വിവരങ്ങൾ അന്വേഷിച്ച് വേഗം സുഖപ്പെടട്ടെ എന്ന ആശംസയും നേർന്നാണ് മന്ത്രി മടങ്ങിയത്.