റാന്നി > കള്ളക്കഥ കെട്ടിച്ചമച്ച് സംസ്ഥാന സർക്കാരിനെയും ട്രൈബൽ ഡിപ്പാർട്ട്മെന്റിനേയും പ്രതിക്കൂട്ടിലാക്കാൻ മലയാള മനോരമയുടെ ശ്രമം. ശബരിമല പാതയിൽ ളാഹ മഞ്ഞത്തോട്ടിൽ ആദിവാസികൾക്ക് കഴിക്കാൻ ഭക്ഷണം ലഭിക്കാതെ ചക്ക കഴിക്കുന്നു എന്നാണ് മനോരമ റിപ്പോർട്ട് ചെയ്തത്. അരി തീർന്നിട്ട് മൂന്നുദിവസമായെന്നും മറ്റൊന്നും കഴിക്കാനില്ലാത്തതുകൊണ്ട് കൈയിൽ കിട്ടിയ ചക്ക തിന്നുന്നു എന്നുമാണ് പ്രചാരണം. എന്നാൽ ഈ കഥ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ട്രൈബൽ വകുപ്പ് ജില്ല ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീടുകളിൽ പോയപ്പോൾ അരിയും ഭക്ഷ്യധാനങ്ങളും ആവശ്യത്തിന് ഉള്ളതായി കണ്ടു. പയർ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതിരുന്ന് മുളച്ചു. മറ്റാരോ കൊടുത്ത ചക്ക അവർ റോഡരികിലിരുന്ന് വെട്ടി തിന്നുന്നത് ഫോട്ടോയെടുത്താണ് പട്ടിണിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ചത്. കഴിഞ്ഞ 21ന് ഫോട്ടോയിൽ കാണിച്ചവർ ഉൾപ്പെടെയുള്ളവർക്ക് അരിയും മറ്റ് സാധനങ്ങളും കൊടുത്തിരുന്നതായും ട്രൈബൽ വകുപ്പ് ജില്ലാ ഓഫീസർ പറഞ്ഞു.
ഇതെല്ലാം അവരുടെ വീട്ടിലുള്ളതായി പരിശോധനയിൽ തെളിഞ്ഞു. അതുകൂടാതെ സന്നദ്ധ സംഘടനകൾ നൽകിയ അരിയും അവശ്യസാധനങ്ങൾ വേറെയും അവരുടെ വീടുകളിൽ ഉണ്ട് .എന്നിട്ടും ആദിവാസികൾ പട്ടിണിയിൽ ആണെന്ന് വരുത്തിതീർക്കാൻ ബോധപൂർവം ഉണ്ടാക്കിയ കള്ളക്കഥയാണ് ഇത്.