കൊച്ചി> ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായി ഗ്രീക്ക്-ഓസ്ട്രേലിയൻ ഇന്റർനാഷണൽ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. താരവുമായുള്ള കരാർ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജിയാനുവിന്റെ വരവ്, വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരക്ക് കൂടുതൽ കരുത്ത് പകരും. എ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ്സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്ന താരം 2023 സമ്മർ സീസൺ വരെ ബ്ലാസ്റ്റേഴ്സിൽ അണിയും.
ഗ്രീസിൽ ജനിച്ച് ജിയോനു, ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനൻസിലെ പ്രൊഫഷണൽ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പോർട്ട്, സൗത്ത് മെൽബൺ എന്നിവയുടെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചു. പതിനാല് വർഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമായ അപ്പോലോൺ കലമാരിയസിലേക്കുള്ള ട്രാൻസ്ഫറിനെ തുടർന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കൊപ്പം 150ലധികം മത്സരങ്ങൾ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.
അപ്പോസ്തൊലോസ് അവസാനം കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ് അദ്ദേഹമെന്നും കരോലിസ് സ്കിൻകിസ് കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേരുന്നതിൽ അത്യന്തം സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബിനായി ഒപ്പുവച്ച ശേഷം അപ്പോസ്തൊലോസ് ജിയാനു പറഞ്ഞു.