ജനീവ> കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ2.75 ഇന്ത്യയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവിൽ പത്ത് രാജ്യത്ത് സ്ഥിരീകരിച്ചതായും ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ ഗോപിനാഥൻ പറഞ്ഞു. വ്യാപനശേഷിയേറിയ വകഭേദമാണ്. കൂടുതൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്നതിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അവർ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ലോകത്ത് കോവിഡ് വ്യാപനം ഏറിയതായി പ്രതിവാര റിപ്പോർട്ട് പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു. നാലാംവാരമാണ് കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കൂടുന്നത്. ജൂൺ 27മുതൽ ജൂലൈ മൂന്നുവരെ 46 ലക്ഷംപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 ശതമാനം വർധന. 8100 പേർ മരിച്ചു.