ന്യൂഡൽഹി
ബിജെപി ഭരണ സംസ്ഥാനങ്ങളിൽ നിയമാനുസൃതം അറസ്റ്റ് നടപ്പാക്കാൻ എത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ പൊലീസിൽനിന്ന് കുറ്റവാളികളെ സംരക്ഷിക്കുന്നത് നിയമവാഴ്ചയ്ക്കെതിരായ വെല്ലുവിളി. രാഹുൽ ഗാന്ധിയെക്കുറിച്ച് വ്യാജവാർത്ത നൽകിയ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെ ഛത്തീസ്ഗഢ് പൊലീസില്‍ നിന്ന് യുപി പൊലീസ് സംരക്ഷിച്ചത് ഒടുവിലത്തെ ഉദാഹരണം.
അറസ്റ്റ് വാറന്റുമായെത്തിയ ഛത്തീസ്ഗഢ് പൊലീസ് സംഘത്തിൽനിന്ന് ബലപ്രയോഗത്തിലൂടെയാണ് യുപി പൊലീസ് രോഹിതിനെ തട്ടിയെടുത്തത്. യുപി പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ട രോഹിത് രഞ്ജൻ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി വ്യാഴാഴ്ച പരിഗണിക്കും.
നേരത്തെ, ബിജെപി നേതാവ് തജിന്ദർബാഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റുചെയ്തത് മൂന്ന് സംസ്ഥാനത്തെ പൊലീസുകാർ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരുന്നു. ആംആദ്മി ഭരണത്തിലുള്ള പഞ്ചാബിൽനിന്ന് ഡൽഹിയിൽ എത്തിയാണ് ബാഗ്ഗയെ അറസ്റ്റുചെയ്തത്. ബാഗ്ഗയുമായി മടങ്ങിയ പഞ്ചാബ് സംഘത്തെ ഹരിയാന പൊലീസ് വഴിമധ്യേ തടഞ്ഞ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസിന്റെ നിർദേശപ്രകാരമായിരുന്നു ഹരിയാന പൊലീസിന്റെ നടപടി.