ന്യൂഡല്‍ഹി> തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകളെ തുടര്‍ന്ന് സ്വകാര്യ വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റിന് ഡിജിസിഎ യുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
1937-ലെ എയര്‍ ക്രാഫ്റ്റ് നിയമം അനുശാസിക്കുംവിധത്തില്‍ സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്പൈസ് ജെറ്റ് പരാജയപ്പെട്ടെന്ന് ഡിജിസിഎ. പറഞ്ഞു. ചെറിയ പിഴവും അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ജൂലൈ രണ്ടിന് ജബല്‍പുറിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം, കാബിനില്‍നിന്ന് പുകയുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയില്‍ തിരിച്ചിറക്കിയിരുന്നു. വിമാനം അയ്യായിരം അടി ഉയരത്തില്‍ പറക്കവേയാണ് പുകയുയര്‍ന്നത് കാബിന് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ജൂണ്‍ 24, 25 തീയതികളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കേണ്ടിവന്നിരുന്നു. ജൂണ്‍ 19-ന് പട്നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്ജിന് തീപിടിച്ചതിന് പിന്നാലെ നിലത്തിറക്കിയിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടയില്‍ എട്ട് പിഴവുകളാണ് സ്പൈസ് ജെറ്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതാണ് ഡിജിസിഎ കമ്പനിക്ക് നോട്ടീസ് അയക്കാന്‍ കാരണമായത്.