തിരുവനന്തപുരം
ഗൗരവമായ ചർച്ചകൾക്കിടയിലെ പ്രതിപക്ഷ അംഗങ്ങളുടെ നിലപാട് നിയമസഭയുടെ അന്തസ്സിന് ചേരുന്നതല്ലെന്ന് സ്പീക്കർ എം ബി രാജേഷ്. പ്രധാന പ്രശ്നങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ അംഗങ്ങൾ മറ്റു കാര്യങ്ങൾ സംസാരിച്ചു ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ചയും സഭാ നടപടികൾക്കിടെ ബഹളം ആവർത്തിച്ചു. വിവാദ കാര്യങ്ങളിൽമാത്രം താൽപ്പര്യം പുലർത്തുന്നത് പ്രതിപക്ഷം ആവർത്തിക്കുന്നു.
കൂട്ടംകൂടി ബഹളമുണ്ടാക്കുന്നതും ഡയസിന് പിന്തിരിഞ്ഞുനിൽക്കുന്നതും ഒഴിവാക്കണമെന്ന് ശക്തമായ നിർദേശം സഭയ്ക്ക് നൽകേണ്ടുന്ന സ്ഥിതി തിങ്കളാഴ്ചയുണ്ടായി. എന്നിട്ടും ചൊവ്വാഴ്ചയും അത് തിരുത്താൻ പ്രതിപക്ഷ അംഗങ്ങൾ തയ്യാറായില്ല. ചോദ്യോത്തരവേളയിലും നിരന്തരമായി സംസാരിക്കുകയായിരുന്നു. പൊതുവിൽ അംഗങ്ങളുടെ സമീപനത്തെക്കുറിച്ചാണ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനെ ഒരംഗത്തെമാത്രം ശാസിച്ചു എന്നനിലയിലാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും സ്പീക്കർ പറഞ്ഞു.