തിരുവനന്തപുരം
സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രനിലപാടിനെതിരെ നിയമപരവും ഭരണഘടനാപരവുമായ സമീപനങ്ങൾ കേരളം സ്വീകരിക്കേണ്ടിവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിയമസഭയും സർക്കാരും ജനങ്ങളുമാകെ ഒരുമിച്ച് ശക്തമായി നിൽക്കണം. ജിഎസ്ടി കൗൺസിലിന് ഉപദേശക അധികാരമേ ഉള്ളൂവെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങളെ കവരാനുള്ള അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. ഇതടിസ്ഥാനമാക്കിയുള്ള നടപടികളിലേക്ക് സംസ്ഥാനം നീങ്ങേണ്ടിവരുമെന്നും പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് ധനമന്ത്രി മറുപടി നൽകി.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിത അനുപാതം 42ൽനിന്ന് 41 ശതമാനമാക്കി. ഇതിലും കേരളത്തിന്റെ വിഹിതം 3.875ൽനിന്ന് 1.925 ശതമാനത്തിലേക്ക് ചുരുക്കി. ജിഎസ്ടി വരുമാനം പകുതിവീതം പങ്കിടുന്ന രീതി മാറി 60 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ നിർദേശിച്ചതാണ്. കടമെടുക്കാനുള്ള അളവ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നതായും ധനമന്ത്രി പറഞ്ഞു.