ന്യൂഡല്‍ഹി
സര്‍ക്കാര്‍ വിരുദ്ധ ട്വീറ്റുകൾ നീക്കംചെയ്തില്ലെങ്കിൽ ക്രിമിനൽ നടപടിയെന്ന കേന്ദ്ര സർക്കാർ ഭീഷണിയെ നിയമപരമായി നേരിടാന്‍ ട്വിറ്റർ. കേന്ദ്ര നടപടി അഭിപ്രായസ്വാതന്ത്രത്തിന്റെ ലംഘനമാണെന്നും അധികാരദുർവിനിയോഗമാണെന്നും തുറന്നടിച്ച് ട്വിറ്റർ കർണാടക ഹൈക്കോടതിയിൽ ഹർജി നല്കി.
കർഷകപ്രക്ഷോഭത്തെ അനുകൂലിച്ചും കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ നടപടി വിമർശിച്ചുമുള്ള ട്വീറ്റുകൾ നീക്കംചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ ക്രിമിനൽ കേസെടുക്കുമെന്ന് കഴിഞ്ഞമാസം ഐടി മന്ത്രാലയം ഭീഷണി മുഴക്കി. പിന്നാലെയാണ് ട്വിറ്റര്‍ കോടതിയിലെത്തിയത്.
നീക്കംചെയ്യാൻ ആവശ്യപ്പെടുന്ന ചില ട്വീറ്റ് ഐടി നിയമ പരിധിയിൽവരുന്നതല്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ചില ട്വീറ്റ് രാഷ്ട്രീയ പാർടികൾ ഔദ്യോഗികമായി പുറത്തിറക്കിയവയാണ്. ഇവ നീക്കംചെയ്യുന്നത് അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതിനു തുല്യമാകും. കേന്ദ്രസർക്കാർ നീക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കങ്ങളുടെ കാര്യം കോടതി നേരിട്ട് പരിശോധിക്കണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു.