ന്യൂഡൽഹി> രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ എംപി ഓഫീസ് അക്രമിച്ചത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ല എന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഉദയ്പുരിലെ തയ്യൽക്കാരനെ കൊലപ്പെടുത്തയവർ കുട്ടികളാണെന്നു രാഹുൽ പറഞ്ഞെന്ന തരത്തിലാണ് ചാനൽ വാർത്ത നൽകിയത്.
വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവയുടെ ഒരു ഭാഗംമാത്രം ചേർത്ത് വ്യാജ വാർത്ത നൽകിയ സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. കേസിൽ രോഹിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ഛത്തിസ്ഗഡ് പൊലീസ് ഗാസിയാബാദിലെ വീട്ടിലെത്തിയ സമയത്താണ് യുപി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
ഇതേ കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.