പാലക്കാട്
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പ് “യുവ ചിന്തൻ ശിബറി’ൽ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശം. വിവിധ ജില്ലകളിലെ പ്രതിനിധികൾ സംസ്ഥാന പ്രസിഡന്റിന്റെ പ്രവർത്തനത്തെ നിശിതമായി വിമർശിച്ചു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ സംഘടനാ ചുമതല നിർവഹിക്കുന്നതിനുപകരം ഷോ കാണിക്കുകയാണ്. നേതാക്കൾ ഗ്രൂപ്പിസത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നു. ഗ്രൂപ്പുകളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരില്ല. പണിയെടുക്കാൻ ഒരു വിഭാഗവും നേതാക്കളാകാൻ മറ്റൊരു വിഭാഗവും എന്നാണ് രീതി. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളിൽനിന്ന് മാറ്റാൻ ഷാഫി ഹൈക്കമാൻഡിന് സ്വകാര്യമായി കത്ത് നൽകി. സംസ്ഥാന കമ്മിറ്റി തീരുമാനമെന്ന നിലയിൽ കത്ത് നൽകിയത് ഗുരുതര തെറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇഷ്ടക്കാർക്ക് പ്രൊമോഷൻ നൽകി. അതിനാൽ മത്സരിച്ചവരിൽ 12ൽ 11 പേരും തോറ്റു.
വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാത്തതുകൊണ്ടാണ്. മലപ്പുറത്ത് യൂത്ത് കോൺഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാട്ടുകാരനായ ചാരിറ്റിത്തട്ടിപ്പുകാരന് നൽകിയത് പണം വാങ്ങിയാണോയെന്നും യോഗത്തിൽ ചോദ്യമുയർന്നു. സംസ്ഥാന കമ്മിറ്റിയിൽ ആലോചിക്കാതെ ഏകപക്ഷീയ നിലപാടെടുക്കുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും വിമർശമുയർന്നു. സംഘടനാ റിപ്പോർട്ട് ചർച്ചയിലാണ് ഷാഫിക്കെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചത്. വീഴ്ചകൾ ചൂണ്ടിക്കാട്ടി പുറത്താക്കാൻ നോക്കെണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി.
അഹല്യ ക്യാമ്പസിൽ മൂന്ന് ദിവസമായി നടന്ന ക്യാമ്പ് സമാപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.