കൊച്ചി
ചോദ്യംചെയ്യലിന് ഹാജരാകാൻ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചി പൊലീസ് ക്ലബ്ബിൽ ചൊവ്വ പകൽ 11ന് ഹാജരാകാനാണ് നിർദേശം.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘമാണ് സ്വപ്നയെ ചോദ്യം ചെയ്യുക. ചൊവ്വാഴ്ച ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന രീതിയിലാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നോട്ടീസ് അവഗണിച്ച് ഇഡി ഓഫീസിൽ ഹാജരായി. സാവകാശം തേടുകയോ മറുപടി നൽകുകയോ ചെയ്യാതെയാണ് അന്ന് ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിന്നത്. ഇത്തവണയും ഹാജരായില്ലെങ്കിൽ അന്വേഷക സംഘം യോഗം ചേർന്ന് അടുത്ത നടപടി തീരുമാനിയ്ക്കും.