ന്യൂഡൽഹി> പ്രവാചകനിന്ദയുടെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിലേതിന് സമാനമായി മഹാരാഷ്ടയിലെ അമരാവതിയിലും കൊലപാതകമെന്ന് പൊലീസ്. അമരാവതിയിൽ മെഡിക്കൽസ്റ്റോർ നടത്തിയിരുന്ന 54 കാരനായ ഉമേഷ് പ്രഹ്ലാദ്റാവു കോലെയാണ് ജൂൺ 21 ന് കൊല്ലപ്പെട്ടത്. പ്രവാചകനിന്ദ നടത്തിയ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയെ സമൂഹമാധ്യമങ്ങളിൽ കോലെ പിന്തുണച്ചിരുന്നതായി പൊലീസ് പറയുന്നു. കേസ് എൻഐഎ ഏറ്റെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഗൂഡാലോചന, സംഘടനകളുടെ പങ്ക്, അന്താരാഷ്ട്രബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. കേസിൽ ആറുപേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ഒരാളെ കൂടിയാണ് ഇനി കിട്ടാനുള്ളത്. നൂപുർ ശർമ്മയുടെ പ്രവാചകനിന്ദാ പരാമർശങ്ങളെ ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കോലെ പിന്തുണച്ചിരുന്നു. ഇതേ തുടർന്നുള്ള പകയാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് പൊലീസ് പറയുന്നു. ജൂൺ 21 ന് രാത്രി മെഡിക്കൽസ്റ്റോർ അടച്ച ശേഷം സ്കൂട്ടറിൽ മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തിയ ശേഷം കഴുത്തിൽ കുത്തുകയായിരുന്നു. കോലെയുടെ ഭാര്യയും മകനും മറ്റൊരു സ്കൂട്ടറിൽ പിന്നാലെ എത്തിയിരുന്നു. ഇവർ കോലെയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച ഒരു വെറ്റിനറി ഡോക്ടറെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. നഗരത്തിൽ ക്ലിനിക്ക് നടത്തുന്ന 44 കാരനായ യൂസഫ് ഖാൻ ബഹാദൂർ ഖാനാണ് അറസ്റ്റിലായത്. നൂപുർ ശർമ്മയെ കോലെ പിന്തുണയ്ക്കുന്നതായി യൂസഫ് ഖാൻ പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പരസ്യപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസ്.