ഉദയ്പൂർ> രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾക്ക് ബിജെപിയുമായി ബന്ധം. പ്രതികളായ മുഹമ്മദ് റിയാസ് അൻസാരി, മുഹമ്മദ് ഗൗസ് എന്നിവർ കഴിഞ്ഞ മൂന്ന് വർഷമായി ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ രാജസ്ഥാൻ ഘടകവുമായി അടുത്ത് പ്രവർത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു.
പ്രതികളിൽ ഒരാളായ റിയാസ് ബിജെപിയുടെ വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച അംഗം ഇർഷാദ് ചെയിൻവാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യടുഡേയ്ക്ക് ലഭിച്ചു. പത്ത് വർഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഇർഷാദ് ചെയിൻവാല.
‘ചിത്രത്തില്‍ ഉള്ളത് ഞാന്‍ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാന്‍ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു’ ഇർഷാദ് ഇന്ത്യടുഡേയോട് പറഞ്ഞു,
ഉദയ്പൂരിലെ ബിജെപി പരിപാടികൾക്ക് റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇർഷാദ് ചെയിൻവാല സമ്മതിച്ചിട്ടുണ്ട്. പാർട്ടി പരിപാടികളിൽ വിളിക്കാതെ തന്നെ റിയാസ് വരുമായിരുന്നുവെന്നും ഇർഷാദ് കൂട്ടിച്ചേർത്തു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് റിയാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സുഹൃത്തുക്കളുമായുള്ള സംസാരങ്ങളിൽ റിയാസ് ബിജെപിയെ എതിർത്തിരുന്നതായും ഇർഷാദ് ഇന്ത്യടുഡേ റിപ്പോർട്ടറോട് പറഞ്ഞു. മുഹമ്മദ് താഹിർ എന്ന വ്യക്തിയിലൂടെയാണ് റിയാസ് ബിജെപി പരിപാടിയിലേക്ക് എത്തിയത്. താഹിർ ഭായി ബിജെപിയുടെ അംഗമാണെന്നും റിയാസുമായി നല്ലബന്ധത്തിയാരിന്നുവെന്നും ഇർഷാദ് പറയുന്നു. താഹിറുമായുള്ള റിയാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിലവിൽ താഹിറിനെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന് ഇന്ത്യടുഡേ റിപ്പോർട്ട് പറയുന്നു.