തിരുവനന്തപുരം> സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനുമെതിരെ കെട്ടഴിച്ചുവിട്ട കടന്നാക്രമണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയത്തെ തുറന്നുകാട്ടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. എ കെ ജി സെന്ററിനുനേര നടന്ന ആക്രമണത്തിൽ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാൻ സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.
സിപിഐ എമ്മിന്റെ സംസ്ഥാന കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും തള്ളിപ്പറയാൻ യുഡിഎഫ് തയ്യാറായില്ല. അക്രമികളെ ന്യായീകരിച്ചാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇവർ പരസ്യമായി പ്രഖ്യാപിച്ചത്. പാർടിയെ സ്നേഹിക്കുന്നവർ
ഇത്തരം അക്രമിസംഘങ്ങളെ ഒറ്റപ്പെടുത്താനുള്ള പ്രചാരണങ്ങൾ സമാധാനപരമായി നടത്തണം. അക്രമം നടത്തിയവരെയും പിന്നിൽ പ്രവർത്തിച്ചവരെയും പൊലീസ് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
നാടിന്റെ വികസനത്തിന് യോജിച്ചു നിൽക്കുന്നതിന് പകരം സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ വികസന പ്രവർത്തനങ്ങളെ തടയാൻ ബോധപൂർവം ആക്രമണം നടത്തുകയാണ് വലതുപക്ഷ ശക്തികൾ. വികസന പ്രവർത്തനങ്ങളെ തടയാനായി യുഡിഎഫും ബിജെപിയും വർഗീയകക്ഷികളും ഇടത് തീവ്രവാദികളും യോജിച്ചിരിക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ കാക്കാനും വികസനം മുന്നോട്ടുകൊണ്ടുപോകാനും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന സ്വർണക്കടത്ത് പ്രതിയുടെ നുണക്കഥകൾ ഇതിന്റെ തുടർച്ചയാണ്. ഇടതുപക്ഷ വിരോധം പുലർത്തുന്നവരെയും ഗ്രൂപ്പുകളെയും യോജിപ്പിക്കാനുള്ള സംഘടിതശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്നത്. പാർടി ഓഫീസുകൾ ആക്രമിക്കുക, പതാകകൾ കത്തിക്കുക, മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കുക, പാർടി കേന്ദ്രം ആക്രമിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറയുന്നു.