സ്റ്റോക്ക് ഹോം> ഇന്ത്യയുടെ ഒളിമ്പിക്സ് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഒരുങ്ങി. 15ന് അമേരിക്കയിലെ യൂജിനിൽ നടക്കുന്ന മീറ്റിൽ ഇരുപത്തൊന്നിനാണ് യോഗ്യതാമത്സരം. 23ന് ഫൈനൽ.
അഞ്ജു ബോബി ജോർജ് മാത്രമാണ് ലോകമീറ്റിൽ മെഡൽ നേടിയിട്ടുള്ളത്. 2003ൽ പാരീസിൽ നടന്ന മീറ്റിൽ ലോങ്ജമ്പിൽ വെങ്കലമായിരുന്നു. ഒളിമ്പിക്സിനുശേഷം രണ്ടരമാസം വിശ്രമത്തിലായിരുന്ന നീരജ് ചോപ്ര 17 ദിവസത്തിനിടെ ഇറങ്ങിയ മൂന്ന് മീറ്റിലും മെഡൽ സ്വന്തമാക്കി. രണ്ടുതവണ ദേശീയ റെക്കോഡ് തിരുത്തി ഒരു സ്വർണവും രണ്ട് വെള്ളിയും നേടി.
സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നടന്ന ഡയമണ്ട്ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് വെള്ളിയായെങ്കിലും പുതിയ ദേശീയ റെക്കോഡിട്ടു. 90 മീറ്ററിലേക്ക് ആറ് സെന്റിമീറ്റർ കുറവ്. ഡയമണ്ട് ലീഗിലെ ആദ്യ ഇന്ത്യൻ മെഡലാണിത്. ഒളിമ്പിക്സിനുശേഷം മത്സരിച്ച പാവോനൂർമി ഗെയിംസിൽ 89.30 മീറ്ററിൽ വെള്ളിയാണെങ്കിലും പുതിയ ദേശീയ ദൂരമായിരുന്നു. തുടർന്ന് കുർടേൻ ഗെയിംസിൽ സ്വർണം (86.90). ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.
സമ്മർദമൊന്നുമില്ലാതെയാണ് ജാവലിൻ പായിക്കുന്നതെന്ന് ചോപ്ര പറഞ്ഞു. ഒളിമ്പിക്സിനുശേഷമുള്ള മൂന്ന് മീറ്റിലും നന്നായി എറിഞ്ഞു. ലോകമീറ്റിനും ഒരു സമ്മർദവുമില്ല. 90 മീറ്റർ അടുത്താണെന്ന തോന്നലുണ്ട്. നല്ല പ്രകടനം പ്രതീക്ഷിക്കുന്നതായും ചോപ്ര പറഞ്ഞു.