ന്യൂഡൽഹി> മഹാരാഷ്ട്രയിൽ മഹാസഖ്യസർക്കാരിനെ അട്ടിമറിച്ച ബിജെപിയുടെ അടുത്തലക്ഷ്യം ജാർഖണ്ഡ് ഭരണം പിടിച്ചെടുക്കൽ. ഖനന ലൈസൻസ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെടുത്തി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ രാഷ്ട്രീയമായി സ്വാധീനിക്കാനാണ് ബിജെപി ശ്രമം. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാനും ജെഎംഎമ്മിനുമേൽ സമ്മർദമുണ്ട്. കഴിഞ്ഞദിവസം സോറൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് 2019ൽ ജെഎംഎം–-ആർജെഡി–-കോൺഗ്രസ് സഖ്യം അധികാരം പിടിച്ചെടുത്തശേഷം ബിജെപി തക്കംപാർത്തിരിക്കയാണ്. ആദിവാസിരോഷമാണ് ബിജെപിപരാജയത്തിനു മുഖ്യകാരണമായത്. ആദിവാസിമേഖലയിലെ 28 സീറ്റിൽ രണ്ടിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 2014ൽ 11 സീറ്റിൽനിന്നായിരുന്നു വീഴ്ച. ഖനനത്തിനായി വനമേഖല കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരായ പോരാട്ടമാണ് നിർണായകമായത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമുവിനെ ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതോടെ ജെഎംഎം ഇവരെ പിന്തുണയ്ക്കണമെന്ന് ചർച്ചകൾ വന്നു. അന്തിമതീരുമാനം ജെഎഎം പ്രസിഡന്റ് ഷിബു സോറന് വിട്ടു. പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻകൂടിയായ മുഖ്യമന്ത്രി ഡൽഹിയിലെത്തി അമിത് ഷായെ കണ്ടത്.
ജാർഖണ്ഡിലെ 81 അംഗ സഭയിൽ ജെഎംഎം 30, കോൺഗ്രസ് 16, ആർജെഡി ഒന്ന്, ബിജെപി 25, എൻഡിഎയിലെ ഇതരസഖ്യകക്ഷികൾ അഞ്ച്, മറ്റുള്ളവർ നാല് എന്നിങ്ങനെയാണ് കക്ഷിനില. ജെഎംഎമ്മിനെ പ്രലോഭിപ്പിച്ച് ഒപ്പമാക്കിയാൽ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ രൂപീകരിക്കാം. മുഖ്യമന്ത്രി പദവി ദുരുപയോഗം സ്വന്തം കമ്പനിക്ക് ഖനനാനുമതി നൽകിയെന്നകേസാണ് സോറന് നേരിടുന്നത്.