കാൻബെറ> ഓസ്ട്രേലിയിലെ 38.9 ശതമാനം പൗരരും മതമില്ലാത്തവർ. 2021ലെ കാനേഷുമാരി റിപ്പോര്‍ട്ട് പുറത്തുന്നതോടെയാണ് ഓസ്ട്രേലിയൻ ജനത വന്‍തോതില്‍ മതനിരപേക്ഷമാകുന്നത് വെളിപ്പെട്ടത്. 2016ൽ മതമില്ലാത്തവര്‍ 30.1 ശതമാനവും ക്രിസ്ത്യാനികൾ 52.1 ശതമാനവുമായിരുന്നു. 2021ല്‍ മതവിശ്വാസം ‘ക്രിസ്ത്യൻ’ എന്ന് രേഖപ്പെടുത്തിയത് 43.9 ശതമാനം. ഓസ്ട്രേലിയയില്‍ ക്രിസ്തുമതക്കാർ 50 ശതമാനത്തിൽ താഴെയാകുന്നത് ചരിത്രത്തിൽ ആദ്യം.
ഹിന്ദുമതവിശ്വാസികൾ ഇക്കാലയളവിൽ 2.7 ശതമാനമായും മുസ്ലിങ്ങൾ 3.2 ശതമാനമായും ഉയർന്നു. കുടിയേറ്റക്കാരിൽ ഇംഗ്ലണ്ടുകാർ കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാർ. ഇന്ത്യക്കാരിൽ രണ്ടാംസ്ഥാനത്ത് മലയാളികളാണ്–- 78,000 പേര്. ഒരേ ലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം നിയമവിധേയമാക്കിയശേഷമുള്ള ആദ്യ കാനേഷുമാരിയാണ് നടന്നത്. അത്തരം 24,000 വിവാഹമാണ് രേഖയിലുള്ളത്. 15ന് മുകളിൽ പ്രായക്കാരിൽ രജിസ്റ്റർ ചെയ്ത വിവാഹം 46 ശതമാനംമാത്രം.