തിരുവനന്തപുരം> ‘വൻ ശബ്ദം കേട്ടു. കെട്ടിടം തകരുന്നപോലെ’. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ വാക്കുകളിലുണ്ട് എ കെ ജി സെന്ററിന് നേർക്കുണ്ടായ ബോംബാക്രമണത്തിന്റെ തീവ്രത. സംഭവം നടക്കുമ്പോൾ സെന്ററിനകത്ത് ശ്രീമതിയുണ്ടായിരുന്നു.
‘ഞാൻ ഉറങ്ങിയിരുന്നില്ല. ടിവിയിൽ വാർത്തകളൊക്കെ കണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭീകരമായ ശബ്ദം കേട്ടത്. എല്ലാവരും നടുങ്ങി. നോക്കുമ്പോൾ പുക ഉയരുന്നുണ്ടായിരുന്നു. അകത്തേക്ക് എത്താതെ പുറത്തുവച്ച് തന്നെ പൊട്ടിത്തെറിച്ചതുകൊണ്ടാണ് അക്രമിയുടെ ലക്ഷ്യം പാളിയത്’’–- ശ്രീമതി പറഞ്ഞു. ശ്രീമതിയും മറ്റുള്ളവരും ഓടിയെത്തുമ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു.
ആസൂത്രിതമായിരുന്നു ആക്രമണം. ഇരുചക്ര വാഹനത്തിലാണ് അക്രമിയെത്തിയത്. ആദ്യമെത്തി പരിസരം നിരീക്ഷിച്ചു. മറ്റുചില വാഹനങ്ങളുടെ സാന്നിധ്യം ഉൾപ്പെടെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആ സമയം ആക്രമണത്തിന് മുതിർന്നില്ല. എന്നാൽ തൊട്ടുപിന്നാലെ കണക്കുകൂട്ടിയ അവസരമൊത്ത നിമിഷത്തിൽ സെന്റർ ലക്ഷ്യമിട്ട് ബോംബെറിയുകയായിരുന്നു.