മുംബൈ> ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകർച്ചയിൽ രൂപ. ഡോളറിനെതിരെ എക്കാലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്കാണ് ബുധനാഴ്ച കൂപ്പുക്കുത്തിയത്. ചൊവ്വാഴ്ച ഡോളറിനെതിര 78.77 രൂപ എന്ന നിലയിലായിരുന്നു രൂപ- ഡോളർ വ്യാപാരം അവസാനിച്ചത്. ബുധനാഴ്ച 78.95 രൂപയായി താഴ്ന്നു.
ഓഹരി വിപണിയിലും തിരിച്ചടി ഉണ്ടായി. ഉയർന്ന പലിശ നിരക്ക് സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക അമേരിക്കൻ വിപണിയിൽ സൃഷ്ടിച്ച പിന്നോട്ടടി ഏഷ്യൻ വിപണിയെയും ബാധിച്ചു.
മോദി സർക്കാർ അധികാരമേറ്റ 2014 മെയിൽ 59 രൂപ 44 പൈസയായിരുന്നു വിനിമയനിരക്ക്. എട്ട് വർഷത്തിനിടയിൽ 20 രൂപയുടെ ഇടിവുണ്ടായി. റിസർവ് ബാങ്ക് വൻതോതിൽ ഡോളർ ഇറക്കിയിട്ടും രൂപയുടെ മൂല്യശോഷണം പിടിച്ചുനിർത്താനാകുന്നില്ല. രൂപയെ പിടിച്ചുനിർത്തുന്നതിന് ആർബിഐയുടെ പരമ്പരാഗത രീതിയിലുള്ള ഇടപെടലിൽ മാറ്റം വരുത്തണമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.