പള്ളുരുത്തി
ടെൻഡർ വോട്ട് തുറന്ന് വിജയിയെ തീരുമാനിച്ചതിലൂടെ ചെല്ലാനം പഞ്ചായത്തിൽ യുഡിഎഫിന് ഒരു സീറ്റുകൂടി നഷ്ടമായി. ഇതോടെ കക്ഷിനില ട്വന്റി 20––9, എൽഡിഎഫ്-–- 9, യുഡിഎഫ്––3 എന്നിങ്ങനെയായി. കേരളത്തിൽ ആദ്യമായാണ് ടെൻഡർ വോട്ടിലൂടെ വിജയിയെ കണ്ടെത്തുന്നത്. ട്വന്റി 20 സ്ഥാനാർഥി മേരി സിംലയാണ് വിജയിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെല്ലാനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഒരു സ്ത്രീ വോട്ട് ചെയ്യാനായി എത്തിയപ്പോൾ അവരുടെ പേരിൽ ആരോ നേരത്തേ വോട്ട് ചെയ്തതായി കണ്ടു. ഇത് വിവാദമായതോടെ ഇവര്‍ക്ക് ടെൻഡർ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്കി. ഫലപ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഒരു വോട്ടിന് വാർഡിൽ വിജയിച്ചു. എന്നാല്‍, ടെൻഡർ വോട്ട് പൊട്ടിക്കണമെന്നും തെരഞ്ഞെടുപ്പുഫലം മരവിപ്പിക്കണമെന്നും ട്വന്റി- 20 പ്രവർത്തകർ വരണാധികാരിയോട് ആവശ്യപ്പെട്ടു. ഇലക്ഷന് ദിവസം തനിക്ക് മജിസ്റ്റീരിയൽ അധികാരം ഉണ്ടെന്നും തന്റെ തീരുമാനം തിരുത്താൻ മേൽക്കോടതിയിൽനിന്ന് ഉത്തരവ് വാങ്ങി വരണമെന്നും വരണാധികാരി നിലപാടെടുത്തു, കോൺഗ്രസ് സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം ചോദ്യം ചെയ്യപ്പെട്ടതോടെ ടെന്‍ഡര്‍വോട്ട് പ്രശ്നം നിയമപോരാട്ടത്തിലേക്ക് നീങ്ങി. ഒന്നരവർഷത്തിനുശേഷം കോടതിവിധിപ്രകാരം ഹൈദരാബാദിൽനിന്ന് വിദഗ്ധരെത്തി ആദ്യംചെയ്ത വോട്ട് മെഷീനിൽനിന്ന് നീക്കം ചെയ്തു. ഇതോടെ ടെൻഡർ വോട്ട് തുറക്കേണ്ട വിഷയത്തിൽ കോടതി തീരുമാനമെടുത്തു.
രണ്ടാഴ്ചമുമ്പ് കോടതിയിൽ ടെൻഡർ വോട്ട് തുറന്നപ്പോൾ ട്വന്റി- 20 സ്ഥാനാർഥിക്ക് വോട്ട് ലഭിക്കുകയും ജയിച്ച കോൺഗ്രസ് സ്ഥാനാർഥിക്ക് ഒപ്പം എത്തുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച തോപ്പുംപടി മുനിസിപ്പൽ കോടതിയിൽ നടന്ന നറുക്കെടുപ്പിൽ ട്വന്റി- 20 സ്ഥാനാർഥി മേരി സിംല വിജയിയായി, യുഡിഎഫിന് ഒരു സീറ്റും നഷ്ടമായി. നിലവിൽ ചെല്ലാനം പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ ട്വന്റി- 20 ആണ് ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ കോടതിവിധിയിലൂടെ യുഡിഎഫിന് സീറ്റ് നഷ്ടമായത് പ്രാദേശിക പ്രവർത്തകർക്കിടയിൽ ചേരിതിരിവുണ്ടാക്കി. ട്വന്റി- 20യെ പിന്തുണയ്ക്കുന്നതിലുള്ള എതിർപ്പ് നേതൃത്വത്തെ അറിയിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.