കൊച്ചി
രാജ്യത്ത് കോവിഡ് ബാധിതരിൽ 15 ശതമാനത്തിനും ഇതിനകം ഒന്നോ അതിലധികമോ തവണ കോവിഡ് വന്നതായി പഠനം. ചിലർക്ക് രണ്ടാംവട്ടമായിരുന്നു കൂടുതൽ അസ്വസ്ഥതകളെന്ന് മൂന്നാംതരംഗത്തിനുശേഷം ഐഎംഎ ഗവേഷണവിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തി. ചില സ്ഥലങ്ങളിൽ ആവർത്തിച്ച് കോവിഡ് വന്നവരുടെ കണക്ക് 40 ശതമാനംവരെ എത്തിയെന്നും കണ്ടെത്തി. വീണ്ടും കോവിഡ് വരുന്നവരിൽ വാക്സിൻ ബൂസ്റ്റർ എടുത്തവരും ഉൾപ്പെടും. പലതവണ കോവിഡ് വന്നവർക്ക് അനുബന്ധ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും പുതിയ പഠനങ്ങൾ പറയുന്നു.
ഹൃദയസംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക്, രക്തക്കുഴലുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ കോവിഡ് വന്നുപോയവരിൽ പിൽക്കാലത്ത് കൂടുതലായി കാണുന്നതായി വാഷിങ്ടൺ യൂണിവേഴ്സിറ്റി നേച്ചർ ജേർണലിലെ പഠനങ്ങളിൽ നിരീക്ഷണമുണ്ട്. ഇവരിൽ പിൽക്കാലത്തുള്ള മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി. എല്ലാവർക്കും പ്രശ്നമുണ്ടാകുന്നില്ലെങ്കിലും തുടർച്ചയായി കോവിഡ് വരുന്നത് ചിലർക്ക് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ഐഎംഎ കോവിഡ് ഗവേഷണ വിഭാഗം വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
വാക്സിൻ വ്യാപകമായതോടെ മരണസാധ്യത കുറഞ്ഞു. മരണനിരക്ക് കുറഞ്ഞതിനാൽ കോവിഡ് സാധാരണ പനിപോലെ എന്ന ധാരണ പലരിലുമുണ്ട്. പക്ഷേ, മരണം മാത്രമല്ല കോവിഡിന്റെ സങ്കീർണതയെന്നു മനസ്സിലാക്കണം. വൈറസ് നാമറിഞ്ഞും അറിയാതെയും പല അവയവങ്ങളേയും ബാധിക്കുന്നുണ്ട്. ആവർത്തിച്ച് കോവിഡ് വരുന്നത് ആരോഗ്യത്തിന് നല്ലതല്ല. കോവിഡ് കൂടിനിൽക്കുന്ന ഈ ഘട്ടത്തിൽ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഗുണം ചെയ്യും. അടച്ചിട്ട, വായുസഞ്ചാരമില്ലാത്ത അകത്തളങ്ങളിലെ ഒത്തുചേരൽ പരമാവധി ഒഴിവാക്കണമെന്നും -ഡോ. രാജീവ് ജയദേവൻ പറഞ്ഞു.