കോഴിക്കോട്> കോർപറേഷൻ യോഗത്തിനിടെ മേയർ ഡോ. ബീനാ ഫിലിപ്പിനെ കൈയേറ്റം ചെയ്യാൻ പ്രതിപക്ഷശ്രമം. വ്യാജ കെട്ടിട നമ്പർ നൽകിയ വിഷയം ചർച്ചചെയ്യുന്നതിനിടെ ബഹളമുണ്ടാക്കി കൗൺസിൽ തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് ഡയസിന് മുന്നിലേക്കെ് ഇരച്ചെത്തി കൈയേറ്റത്തിന് ശ്രമിച്ചത്. ഉന്തിനും തള്ളിനുമിടെ മേയറുടെ കൈക്ക് മുറിവുണ്ടായി. യുഡിഎഫ്, ബിജെപി കൗൺസിലർമാർ ചേർന്ന് അജൻഡ കീറിയെറിഞ്ഞു. മൈക്ക് താഴ്ത്തിടാനും ശ്രമിച്ചു. മേയറുടെ ചേമ്പറിൽ രണ്ട് മണിക്കൂറോളം പ്രകടനവും മുദ്രാവാക്യവും വിളിച്ച് പ്രതിപക്ഷം യോഗം അലങ്കോലപ്പെടുത്തി.
സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സി ശോഭിത നൽകിയ അടിയന്തിര പ്രമേയം അനുവദിക്കാനാവില്ലെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. കൃത്യമായ കാരണങ്ങൾ നിരത്തിയാണ് മേയർ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ മുദ്രാവാക്യം മുഴക്കി യുഡിഎഫും ബിജെപി കൗൺസിലർമാർ ബഹളം വെച്ചു. അന്വേഷണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംശയത്തിന്റെ പേരിൽ പ്രമേയം അനുവദിക്കാനാവില്ലെന്ന് മേയർ അറിയിച്ചു. നേരത്തെയുള്ള പരാതികളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയാണ് മേയർ അനുമതി നിഷേധിച്ചത്.
ബാനറും പോസ്റ്ററുകളുമായാണ് യുഡിഎഫ്, ബിജെപി കൗൺസിലർമാർ യോഗത്തിനെത്തിയത്. ഉന്തും തള്ളുമായതോടെ എൽഡിഎഫ് കൗൺസിലർമാർ ചുറ്റും സംരക്ഷണമൊരുക്കിയാണ് മേയർ കൗൺസിൽ ഹാൾ വിട്ടു പോയത്. തുടർന്നും പ്രതിഷേധവുമായി ചേമ്പറിന് മുന്നിലും ഓഫീസ് വരാന്തയിലും പ്രകടനം നടത്തി. മേയർ പുറത്ത് പോകുന്നത് തടയാനും ശ്രമമുണ്ടായി. കൗൺസിലിനെയും മേയറെയും അപമാനിക്കുന്ന രീതിയിലായിരുന്നു പ്രതിപക്ഷ ഇടപെടൽ.
മേയർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി
കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാരുടെ അക്രമത്തിൽ പരിക്കേറ്റ മേയർ ഡോ. ബീനാ ഫിലിപ്പ് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. മൈക്ക് തട്ടിപ്പറിയ്ക്കുന്നതിനിടെ കൈവിരലിൽ പരിക്കേറ്റിരുന്നു. തുടർന്ന് വൈകീട്ടാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.