ന്യുഡൽഹി> ആൾട്ട്ന്യൂസ് സ്ഥാപകാംഗം മൊഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. സിപിഐ എം, സിപിഐ, എഡിറ്റേഴ്സ് ഗിൽഡ് തുടങ്ങിയവർ അപലപിച്ച് രംഗത്തെത്തി. കപിൽ ശർമയടക്കമുള്ള ബിജെപി– ആർഎസ്എസ് നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരിക്കുന്ന ഡൽഹി പൊലീസ് ജനകീയ വിഷയങ്ങളുന്നയിക്കുന്നവരെ ലക്ഷ്യം വെക്കുകയാണെന്ന് സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രവചാക നിന്ദ നടത്തിയ നുപൂർ ശർമയുടെ തനിനിറം പുറത്തുകൊണ്ടുവന്നവരിൽ ഒരാളാണ് സാബിർ. അടിയന്തരാവസ്ഥയ്ക്ക് സമാനമായി മാധ്യമങ്ങളെ കേന്ദ്രസർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ എം തിവാരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുത്തരവുള്ള കേസിൽ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്ന് എഡിറ്റേഴ്സ് ഗിൽഡും ആരോപിച്ചു.
ദേശീയവാദമുയർത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ നിരന്തരം പോരാട്ടമാണ് ആൾട്ട് ന്യൂസ് നടത്തുന്നത്. ജി 7 ഉച്ചകോടിയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ പ്രധാനമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു. സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നു കയറ്റമാണ് അറസ്റ്റ് എന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റും വിമർശിച്ചു.