തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചര്‍ച്ച ആരംഭിച്ചത്.
സ്വപ്നയുടെ 164 മൊഴി തിരുത്താന്‍ വിജലന്‍സ് ഡയറക്ടറും, ഇടനിലക്കാരും ശ്രമിച്ചത് കേസ് അട്ടിമറിക്കാനെന്ന ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ഷാഫി പറമ്പില്‍ എം എല്‍ എ യുടെ അടിയന്തിര പ്രമേയ നോട്ടീസിനാണ് അനുമതി ലഭിച്ചത്. ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറാണ് ചര്‍ച്ച.
ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ച് ആദ്യം സംസാരിച്ചത്. തുടര്‍ന്ന് ഇടതുപക്ഷത്ത് നിന്നും വര്‍ക്കല എംഎല്‍എ വി ജോയ് ചര്‍ച്ചയില്‍ പങ്കെടുത്തു
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നു വി.ജോയ് പറഞ്ഞു. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോണ്‍ഗ്രസ് സഖ്യമാണ്. എല്‍ഡിഎഫിലെ ആരുടെയും ദല്ലാളല്ല ഷാജ് കിരണ്‍. രമേശ് ചെന്നിത്തലയ്ക്കും കര്‍ണാടകയിലെ ബിജെപി മന്ത്രിക്കും കുമ്മനം രാജശേഖരനും ഒപ്പം ഷാജ് കിരണ്‍ നില്ക്കുന്ന ഫോട്ടോയും വി ജോയ് സഭയില്‍ ഉയര്‍ത്തിക്കാട്ടി.
ലീഗ് എംഎല് എ എന്‍ ഷംസുദ്ദീന്, എംഎല്‍എ പി ബാലചന്ദ്രന് , എഎന്‍ ഷംസീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
അതേസമയം , സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി വി മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല. ക്യാമറ കൂടാതെ പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസങ്ങളെ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമവിലക്കെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു
.